ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർധന. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. കഴിഞ്ഞ പത്തു ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് രാജ്യത്ത് ഇന്ധനവില കൂട്ടുന്നത്.
നേരത്തെ ആദ്യ ഘട്ടത്തിൽ 3 രൂപയോളവും പിന്നീട് 90 പൈസയോളവും വില കൂട്ടിയിരുന്നു. ഇന്നത്തെ വർധനവ് കൂടി കണക്കിലെടുക്കുമ്പോൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇന്ധന വിലയിൽ ഏകദേശം അഞ്ച് രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
വരും ദിവസങ്ങളിൽ പെട്രോൾ, ഡീസൽ വില 8 രൂപ വരെ ഉയർന്നേക്കാമെന്ന് കേന്ദ്ര പെട്രോളിയം വൃത്തങ്ങൾ നേരത്തെ സൂചിപ്പിച്ചിരുന്നു. ഈ കണക്കുകൂട്ടൽ പരിഗണിക്കുമ്പോൾ ഇനിയും മൂന്ന് രൂപയുടെ കൂടി വർധനവ് ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്നും ആവശ്യത്തിന് പെട്രോളും ഡീസലും പാചകവാതകവും ലഭ്യമാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ ഇന്ധന ലഭ്യതയ്ക്ക് യാതൊരു കുറവുമില്ലെന്ന് അധികൃതർ തന്നെ ഉറപ്പു നൽകുന്ന സാഹചര്യത്തിലാണ് തുടർച്ചയായി വീണ്ടും വില വർധിപ്പിച്ചിരിക്കുന്നത്.