കോഴിക്കോട്: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് സംസ്ഥാനത്തെ നിർമ്മാണ സാമഗ്രികളുടെ വിലയിൽ വൻ വർധന.
സിമന്റ്, കമ്പി, മെറ്റൽ, എൺ സാന്റ്, വെട്ടുകല്ല് എന്നിവക്കെല്ലാം പത്ത് ശതമാനത്തോളം വില വർധിച്ചിട്ടുണ്ട്. ഇത് സാധാരണക്കാരെയും കരാറുകാരെയും പ്രതിസന്ധിയിലാക്കുന്നു. കമ്പിയുടെ വില കിലോയ്ക്ക് പത്ത് രൂപയോളമാണ് ഒറ്റയടിക്ക് വർധിച്ചത്.
യുദ്ധത്തിന് മുൻപ് 56-66 രൂപ വിലവന്നിരുന്ന വിവിധ ബ്രാൻഡുകൾക്ക് നിലവിൽ 68 മുതൽ 77 രൂപ വരെയാണ് വില.
അതേസമയം, ടാറ്റ, ജെ.എസ്.ഡബ്ല്യു തുടങ്ങിയ പ്രീമിയം കമ്പികളുടെ വില കിലോയ്ക്ക് 85 രൂപയ്ക്ക് മുകളിലാണ്.
സിമന്റ് വിലയിലും വലിയ വർധനവുണ്ടായിട്ടുണ്ട്. ശരാശരി 30 രൂപയുടെ വർധനയാണ് സിമന്റ് മേഖലയിലുണ്ടായത്. ഒരു മാസം മുൻപ് വരെ ഒരു ചാക്കിന് 280 രൂപയ്ക്ക് ലഭിച്ചിരുന്ന സിമന്റ് ഇപ്പോൾ മൊത്തവ്യാപാര വിപണിയിൽ 320 രൂപയിലെത്തി. ഇതനുസരിച്ച് ചില്ലറ വിൽപന ശാലകളിൽ ഒരു ചാക്കിന് 330 മുതൽ 360 രൂപ വരെയാണ് വില.
അതേസമയം, മെറ്റലിന് പത്ത് രൂപയോളം കൂടി. മുറ്റം ഒരുക്കാൻ ഉപയോഗിക്കുന്ന ബേബി ചില്ലിക്കും ആനുപാതികമായ വർധനയുണ്ട്. വെട്ടുകല്ലിന് അഞ്ചു മുതൽ ഏഴ് രൂപ വരെ വർധിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്ന് എത്തിക്കുന്ന വെട്ടുകല്ലിന് ഇപ്പോൾ 65 രൂപ വരെയാണ് ഈടാക്കുന്നത്.
എം-സാൻഡ്, പി-സാൻഡ് തുടങ്ങിയവയുടെ വിലയും വർധിപ്പിച്ചു. 40-45 രൂപ വിലയുണ്ടായിരുന്ന എം-സാന്റ് 60 രൂപയായും, 55 രൂപ വിലയുണ്ടായിരുന്ന പി-സാന്റ് 64 രൂപയായും വർധിച്ചു. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ധനവില വർധിക്കുമെന്ന ആശങ്കയും നിർമ്മാണ മേഖലയെ കൂടുതൽ തളർത്തിയേക്കുമെന്നാണ് സൂചന.