എ.ആർ. നഗർ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ഒട്ടും ചോരാതെ വരവേറ്റ് പുകയൂർ ജി.എൽ.പി സ്കൂൾ. ലോകകപ്പിൽ പങ്കെടുത്ത വിവിധ രാജ്യങ്ങളോടുള്ള ആദരസൂചകമായി 48 രാജ്യങ്ങളുടെ ദേശീയ പതാകകൾ അണിനിരത്തി വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ വർണാഭമായ കാഴ്ചയൊരുക്കി.
ഓരോ രാജ്യത്തെയും പ്രതിനിധീകരിക്കുന്ന പതാകകളുമായി കുട്ടികൾ അണിനിരന്നത് പരിപാടിക്ക് പ്രത്യേക ചാരുത പകർന്നു. ഇതിനുപുറമെ, ലോകകപ്പ് മത്സരങ്ങളിൽ ടീമുകൾ വിജയിച്ചു വരുന്നതിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ വിദ്യാർത്ഥികൾ ചേർന്ന് ഭീമൻ ട്രിയോണ്ട ഫുട്ബോൾ മാതൃകയും ഒരുക്കി.
ഫുട്ബോളിനോടുള്ള കുട്ടികളുടെ താല്പര്യം വളർത്തുക എന്നതിലുപരി, ലോകകപ്പിന്റെ സന്ദേശവും വിവിധ രാജ്യങ്ങളുടെ സംസ്കാരവും കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ അധികൃതർ പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ എച്ച്.എം ഇൻചാർജ് ഇ. രാധിക പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരായ കെ. സദഖത്തുള്ള, പി. ഷഹന, കെ. രജിത, കെ. ശ്രീഷ്മ, കെ. ഷഹന, എ. പി. നൂർജഹാൻ, കെ. റജില, സി. ശാരി, സി. ജിഷ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം പരിപാടിയെ ഏറെ ശ്രദ്ധേയമാക്കി.