തിരുവനന്തപുരം: മുൻ സർക്കാർ പി.എം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി ഒപ്പിടുകയും ഫണ്ട് കിട്ടുകയും ചെയ്തുവെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഒപ്പിട്ടതിനാൽ പദ്ധതിയിൽ തുടരാൻ സംസ്ഥാനം ‘കമ്മിറ്റഡ്’ ആയി. കാര്യങ്ങൾ പഠിക്കാനും എന്തു ചെയ്യാനാകുമെന്ന് പരിശോധിക്കാനുമാണ് ഉപസമിതിയെ മന്ത്രിസഭ യോഗം ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ലീഗ് നിലപാട് വ്യക്തമാക്കണം -ഐ.എൻ.എൽ
കോഴിക്കോട്: വിദ്യാഭ്യാസ മേഖലയിൽ ആർ.എസ്.എസ് പഠന പദ്ധതി നടപ്പാക്കാനുള്ള പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള മന്ത്രിസഭ തീരുമാനത്തോട് വകുപ്പ് മന്ത്രി എൻ. ശംസുദ്ദീനും എൽ.ഡി.എഫ് കാലത്ത് പി.എം ശ്രീക്കെതിരെ ‘ജിഹാദ്’ പ്രഖ്യാപിച്ച മുസ്‌ലിം ലീഗിനും എന്താണ് പറയാനുള്ളതെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവിലും ജന. സെക്രട്ടറി കാസിം ഇരിക്കൂറും പ്രസ്താവനയിൽ ചോദിച്ചു.
പിണറായി സർക്കാറിന്റെ കാലത്ത് സർവശിക്ഷാ പദ്ധതിക്കായുള്ള (എസ്.എസ്.കെ) തുകയ്ക്കുവേണ്ടി അപേക്ഷിച്ചപ്പോൾ 2022 മുതൽ പി.എം ശ്രീ സ്കൂൾ പദ്ധതിയുടെ ധാരണ പത്രത്തിൽ ഒപ്പിടാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങളുടെ മേൽ സമ്മർദം ചെലുത്തുന്നുണ്ടായിരുന്നു.
സർക്കാർ വാദം പച്ചക്കള്ളം -ശിവൻകുട്ടി
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് മുൻ സർക്കാർ കേന്ദ്രഫണ്ട് വാങ്ങിയെന്നും അതിനാൽ പദ്ധതി തുടരണമെന്നുമുള്ള സർക്കാർ വാദം പച്ചക്കള്ളമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പി.എം ശ്രീ ഫണ്ട് വാങ്ങുന്നത് പോയിട്ട് ഏതൊക്കെ സ്കൂളുകളാണ് ഇതിനുകീഴിൽ വരേണ്ടതെന്നുപോലും ഇടതു സർക്കാർ ആലോചിച്ചിട്ടില്ല.