ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് നടപടികളിൽ സുപ്രധാന മാറ്റവുമായി മോട്ടോർ വാഹനവകുപ്പ്. ലൈറ്റ് മോട്ടോർ വിഭാഗത്തിലെ ഡ്രൈവിംഗ് ടെസ്റ്റിന്റെ പ്രധാന ഘടകമായ 'എച്ച്' ടെസ്റ്റിലാകും മാറ്റം വരുന്നത്.
ഇനിമുതൽ എച്ച് ടെസ്റ്റിൽ റിവേഴ്‌സ് ഗിയറിട്ട് വാഹനം നിയന്ത്രിക്കുമ്പോൾ റിയർവ്യൂ അഥവാ റിവേഴ്‌സ് ക്യാമറ ഉപയോഗിക്കാൻ അനുമതി ലഭിക്കും. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വന്ന ഭേദഗതിയുടെ അടിസ്ഥാനത്തിൽ കേരളത്തിലും ഉടൻ മാറ്റം നടപ്പിലാകുമെന്നാണ് വിവരംസാധാരണയായി ഡ്രൈവിംഗ് ടെസ്റ്റിൽ വാഹനം പിന്നോട്ടെടുക്കുമ്പോൾ വാഹനത്തിന്റെ വശങ്ങളിലെയും ഉൾഭാഗത്തെയും റിയർവ്യു മിററുകൾ മാത്രമെ ഉപയോഗിക്കാൻ അനുവദിച്ചിരുന്നുള്ളു. റിയർവ്യു ക്യാമറ ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. എന്നാൽ, ആധുനിക വാഹനങ്ങളിൽ സുരക്ഷാസംവിധാനങ്ങളുടെ ഭാഗമായി റിവേഴ്‌സ് ക്യാമറകളും പാർക്കിംഗ് സെൻസറുകളും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. വാഹനസാങ്കേതിക വിദ്യയിൽ അനുദിനം മാറ്റങ്ങൾ സംഭവിക്കുന്നത് പരിഗണിച്ച് ഡ്രൈവിംഗ് ടെസ്റ്റുകളും കാലാനുസൃതമായി പരിഷ്‌കരിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ ഇളവ് അനുവദിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.