വേങ്ങര: സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ തുടക്കമിട്ട തൂഫാൻ ലഹരി നിർമാർജന പദ്ധതിയുടെ ആദ്യഘട്ട ഫലങ്ങൾ ആശാവഹമാണെന്നും ഇതിന് തുടർച്ചകൾ ഉണ്ടാകണമെന്നും വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. തോട്ടശ്ശേരിയറയിൽ സംഘടിപ്പിച്ച സി.ആർ.ഇ തുടർ മത പഠന വിദ്യാഭ്യാസ പദ്ധതിയുടെ പുതിയ അധ്യയന വർഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ടി.പി അഷ്റഫലി എംഎൽഎ നിർവഹിച്ചു. വിസ്ഡം സ്റ്റുഡൻ്റ്സ് സംസ്ഥാന പ്രസിഡൻ്റ് ടി. മുഹമ്മദ് ശമീൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ് ബിൻ അലവി, റിഷാദ് അൽ ഹികമി, ജസീം പെരിന്തൽമണ്ണ, സ്‌റ്റേറ്റ് സി.ആർ.ഇ വിംഗ് കൺവീനർ ഷിയാദ് ഹസ്സൻ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ പൊതുജന പങ്കാളിത്തത്തിൽ നിർവഹിക്കാനാവശ്യമായ കർമ്മ പദ്ധതികൾ ആവിഷ്‌കരിക്കണം. വിദ്യാർത്ഥികൾ, അധ്യാപകർ, യുവജനങ്ങൾ, വീട്ടമ്മമാർ, സന്നദ്ധ സംഘടനകൾ, മറ്റു ലഹരി വിരുദ്ധ സംവിധാനങ്ങൾ തുടങ്ങി സമൂഹത്തിലെ നാനാ തുറകളിലുള്ളവരെയെല്ലാം ലഹരിക്കെതിരെ ഒന്നിപ്പിക്കണം. ഓരോരുത്തർക്കും സാധ്യമായത് നിർവഹിക്കാൻ അവസരം ഒരുക്കി നൽകണം. ജനകീയ മുന്നേറ്റത്തിൽ കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമായ പുരോഗതി കൈവരിക്കാനാകുമെന്ന പ്രത്യാശയും സംഗമം മുന്നോട്ട് വെച്ചു.
കേരളത്തിലുടനീളം മണ്ഡലം കേന്ദ്രങ്ങളിൽ ഇന്നലെ സി.ആർ.ഇ യുടെ പുതിയ അധ്യയന വർഷത്തിലെ ക്ലാസുകൾ ആരംഭിച്ചു. ഹൈസ്കൂൾ, ഹയർസെക്കൻഡറി, ഡിഗ്രി വിദ്യാർത്ഥികൾക്കുള്ള വ്യവസ്ഥാപിത തുടർ മതപഠന സംരംഭമാണ് സി.ആർ.ഇ.
സംസ്ഥാന തല ഉദ്ഘാടനത്തിൽ വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ഹനീഫ ഓടക്കൽ, വൈസ് പ്രസിഡണ്ട് ആസിഫ് സ്വലാഹി, എ.ആർ നഗർ മണ്ഡലം ഭാരവാഹികളായ പി. ഇബ്രാഹിം, ഇസ്മാഈൽ തോട്ടശ്ശേരിയറ, ഫസ്‌ലു റഹ്‌മാൻ ചെങ്ങനി, ഇർഷാദ് കൊളപ്പുറം തുടങ്ങിയവർ സംബന്ധിച്ചു.