മലപ്പുറത്തുകാരന്റെ നെഞ്ചിലെ ചോരയ്ക്ക് ഫുട്ബോളിന്റെ നിറമാണെന്ന് പറയാറുണ്ട്. അത് വെറുതെയല്ലെന്ന് വീണ്ടുംതെളിയിക്കുകയാണ് മലപ്പുറം വാഴക്കാട് സ്വദേശിയായ സുബൈർ.
ലോകമെങ്ങും ലോകകപ്പ് ആവേശം കൊടുമുടി കയറുമ്പോള്‍, വമ്പൻ സ്പോർട്സ് ചാനലുകളിലെ തന്ത്രജ്ഞരെപ്പോലും അമ്പരപ്പിക്കുന്ന കളിവിശകലനങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ് ഈ ഫുട്ബോള്‍ ആരാധകൻ.
കളിക്കളത്തിലെ തന്ത്രങ്ങളും ഫോർമേഷനുകളും ഓരോ കളിക്കാരന്റെയും ചലനങ്ങളും അവരുടെ പേരുകളുമെല്ലാം ഇദ്ദേഹത്തിന്റെ നാവിൻതുമ്പിലുണ്ട്. കടിച്ചാല്‍ പൊട്ടാത്ത താരങ്ങളുടെ പേരുകളും ടീമിന്റെ ശൈലിയുമെല്ലാം അനായാസം പറയുന്ന സുബൈറിന്റെ വീഡിയോകള്‍ അമ്പരപ്പോടെയാണ് നെറ്റിസണ്‍മാർ ഏറ്റെടുത്തിരിക്കുന്നത്.
ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട സുബൈറിന്റെ വീഡിയോകള്‍ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം കണ്ടത്. ഓരോ മത്സരങ്ങളും കൃത്യമായി വിശകലനം ചെയ്യുന്നതിന്റെയും ഓരോ കളിക്കാരുടെയും കോച്ചിന്റെയും പേരുകള്‍ തെറ്റാതെ പറയുന്നതിന്റെയും വീഡിയോകളാണ് ഫുട്ബോള്‍ ആരാധകർക്കിടയില്‍ ശ്രദ്ധേയമാകുന്നത്.
രസകരമായ നിരവധി കമന്റുകളും സുബൈറിന്റെ വീഡിയോകള്‍ക്ക് ലഭിക്കുന്നുണ്ട്. "ഇജ്ജാതി ഫുട്ബോള്‍ പ്രേമി, കമന്ററി പറയാൻ സുബൈറിക്കയെ വിടണം", "ദൈവമേ ഇത്രയൊക്കെ കളികാരുടെ പേര് ഒരു അക്ഷരം പോലും തെറ്റാതെ പറയുന്ന ഈ ചേട്ടന് ലോകകപ്പ് നേരിട്ട് കാണുവാനുള്ള ഒരു ഇടവരുത്തണം", "പത്രം വായന ആവും അദ്ദേഹത്തിന്റെ അറിവിന്റെ രഹസ്യം", "എങ്ങനെയാണ് ഇത്രയും കളിക്കാരുടെ പേരുകള്‍ ഓർമ്മയില്‍ നില്‍ക്കുന്നത്, സത്യത്തില്‍ ഒരു ജീനിയസ്സ് ആണ്" എന്നിങ്ങനെ പോകുന്നു കമന്റുകളില്‍ ചിലത്.
അർജന്റീനയുടെ വലിയ ആരാധകൻകൂടിയായ സുബൈറിന്റെ വീഡിയോകളും വാർത്തകളുമെല്ലാം മുൻപും ശ്രദ്ധനേടിയിട്ടുണ്ട്. വീണ്ടുമൊരു ലോകകപ്പ് സീസണ്‍കൂടി മലയാളികള്‍ ആഘോഷമാക്കുമ്പോള്‍ സുബൈറും സൈബറിടത്ത് താരമാവുകയാണ്.