പരപ്പനങ്ങാടി: കേരളാ റിയൽ എസ്റ്റേറ്റ് ഏജൻ്റ് അസോസിയേഷൻ (INTUC) മലപ്പുറം ജില്ലാ കൺവെൻഷൻ പരപ്പനങ്ങാടി കോൺഗ്രസ് ഓഫീസിൽ വെച്ച് സംഘടിപ്പിച്ചു. ലഹരി മാഫിയകൾക്കെതിരെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'ഓപ്പറേഷൻ തുഫാൻ' എന്ന ദൗത്യത്തിന് പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും കൺവെൻഷൻ പ്രഖ്യാപിച്ചു.
ജില്ലാ പ്രസിഡന്റ് മുസ്‌തഫ ഹാജി പുത്തൻതെരുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറി പി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.കെ. വേണു മുഖ്യപ്രഭാഷണം നടത്തി.
ഓപ്പറേഷൻ തുഫാന്റെ ഭാഗമായി പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുമായി സഹകരിച്ച് പ്രവർത്തിക്കാനും, ലഹരിക്കെതിരെ ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താനും യോഗത്തിൽ തീരുമാനമായി. ഇതിന്റെ ഭാഗമായി യോഗത്തിൽ പങ്കെടുത്തവർ ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു.
ഡി.സി.സി. അംഗം ഷാജഹാൻ, യു.ഡി.എഫ്. ചെയർമാൻ ലത്തീഫ്, ഐ.എൻ.ടി.യു.സി. പ്രസിഡന്റ് ഗഫൂർ എന്നിവർ സംസാരിച്ചു. സിദ്ദീഖ് പുല്ലാട്ട് സ്വാഗതവും മുനീർ പരപ്പനങ്ങാടി നന്ദിയും പ്രകാശിപ്പിച്ചു.