പഹൽഗാമിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ മതസ്പർദ്ധ വളർത്തുന്ന രീതിയിൽ കമന്റിട്ടെന്ന പരാതിയിൽ കൊണ്ടോട്ടി സ്വദേശിയായ 26-കാരൻ കരിപ്പൂരിൽ അറസ്റ്റിലായി. കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശിയായ മുഹമ്മദ് സനൂഫ് (26) ആണ് എയർപോർട്ട് പോലീസിന്റെ വലയിലായത്.
വിദേശത്തുനിന്നും നാട്ടിലെത്തിയ ഉടനായിരുന്നു അറസ്റ്റ്. പ്രതിയെ നിലവിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒരു വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
പഹൽഗാം ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയ്ക്ക് താഴെയാണ് മുഹമ്മദ് സനൂഫ് വിദ്വേഷം ജനിപ്പിക്കുന്ന രീതിയിൽ കമന്റിട്ടത്.
ഇന്ത്യക്കാർ ഇനിയും മരിക്കും' എന്ന രീതിയിലുള്ള വാക്കുകളായിരുന്നു ഇയാൾ കുറിച്ചത്.
സംഭവസമയത്ത് സൗദി അറേബ്യയിലായിരുന്ന ഇയാൾ അവിടെയിരുന്നാണ് ഈ കമന്റ് പോസ്റ്റ് ചെയ്തത്. തുടർന്ന് ഇയാൾക്കെതിരെ നാട്ടിൽ പരാതി ഉയരുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. കഴിഞ്ഞദിവസം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി നാട്ടിലേക്ക് മടങ്ങിയെത്തിയ സനൂഫിനെ എയർപോർട്ട് പോലീസ് തടഞ്ഞുവെക്കുകയും തുടർന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ഐടി ആക്ട് പ്രകാരവും, രാജ്യദ്രോഹ-വിദ്വേഷ പ്രചാരണങ്ങൾ തടയുന്നതിനുള്ള വിവിധ വകുപ്പുകൾ ചുമത്തിയുമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയുടെ ഫോണും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായ അന്വേഷണം നടത്തിവരുന്നു.
കേസ് രജിസ്റ്റർ ചെയ്തിരുന്ന ഇടുക്കി മുട്ടം പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം കരിപ്പൂരിലെത്തി പ്രതിയെ ഏറ്റെടുത്തു.