പരപ്പനങ്ങാടി: പരപ്പനങ്ങാടി–താനൂർ റോഡിൽ പൂരപ്പുഴക്കും ചിറമംഗലത്തിനുമിടയിൽ രൂപപ്പെട്ട അപകടകരമായ ഗർത്തം അടിയന്തരമായി നികത്തി സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, നിയാസ് അഞ്ചപ്പുര , നസറുദ്ദീൻ തങ്ങൾ കൊട്ടന്തല, പി പി സുബൈർ, ബിന്ദു അച്ഛബാട്ട് എന്നിവരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് (റോഡ്സ് വിഭാഗം) അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ പി ബിന്ദുവിന്ന് പരാതി നൽകി.
റോഡിന്റെ മധ്യഭാഗത്ത് രൂപപ്പെട്ട ആഴമേറിയ കുഴിയിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ വാഹനയാത്രക്കാർക്ക് ഗർത്തത്തിന്റെ ആഴം തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ വെളിച്ചക്കുറവ് മൂലം അപകടസാധ്യത വർധിച്ചിരിക്കുകയാണെന്നും ഇരുചക്ര വാഹന യാത്രക്കാരാണ് ഏറ്റവും കൂടുതൽ അപകടഭീഷണി നേരിടുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പ്രധാന ഗർത്തത്തിന് പുറമെ റോഡിന്റെ വിവിധ ഭാഗങ്ങളിലും ചെറുതും വലുതുമായ കുഴികൾ രൂപപ്പെട്ടിട്ടുണ്ടെന്നും, ശാസ്ത്രീയമായ മഴവെള്ള നിർഗമന സംവിധാനം ഇല്ലാത്തതാണ് റോഡ് തുടർച്ചയായി തകരാൻ പ്രധാന കാരണമെന്നും പരാതിയിൽ പറയുന്നു. ഓരോ മഴക്കാലത്തും വെള്ളക്കെട്ട് രൂപപ്പെട്ട് ടാറിങ് ഇളകിപ്പോകുകയും അറ്റകുറ്റപ്പണികൾ നടത്തിയാലും ദിവസങ്ങൾക്കകം വീണ്ടും റോഡ് തകരുന്ന അവസ്ഥയാണ് നിലനിൽക്കുന്നതെന്നും ആരോപിക്കുന്നു.
അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഗർത്തം അടിയന്തരമായി നികത്തുക, സ്ഥിരമായ അഴുക്കുചാൽ സംവിധാനം ഒരുക്കി റോഡ് ശാസ്ത്രീയമായി പുനർനിർമിക്കുക, അതുവരെ അപകടസ്ഥലത്ത് മുന്നറിയിപ്പ് ബോർഡുകളും ബാരിക്കേഡുകളും സ്ഥാപിക്കുക എന്നീ ആവശ്യങ്ങളാണ് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിന് നൽകിയ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ഈ പ്രശ്നത്തിൽ അപകടങ്ങൾ നടന്നിട്ട് നടപടികൾ ഉണ്ടായിട്ട് കാര്യമില്ലന്നും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി ആവശ്യപ്പെട്ടു.