കുറ്റിപ്പുറം: ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ച സംഭവത്തിൽ ബസ് കുറ്റിപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്–തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ശാസ്താ ബസ് ആണ് ചൊവ്വാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്.
കുറ്റിപ്പുറം ഭാഗത്തുകൂടി ബസ് കടന്നുപോകുമ്പോൾ ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിക്കുന്നതിന്റെ ദൃശ്യം ആരോ പകർത്തിയിരുന്നു. ഈ ദൃശ്യം സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെയാണ് തിരൂർ ഡിവൈ.എസ്.പി. യുടെ നിർദേശപ്രകാരം കുറ്റിപ്പുറം എസ്.ഐ. സുധീർ ബസ് കസ്റ്റഡിയിലെടുത്തത്.
ദേശീയപാത 66-ആറുവരിപ്പാതയിൽ സ്വകാര്യ ബസുകൾ അമിതവേഗത്തിലും അലക്ഷ്യമായും സർവീസ് നടത്തുന്നതിനെതിരേ വ്യാപക പരാതികൾ ഉയരുന്നതിനിടെയാണ് ഈ നടപടി. ഞായറാഴ്ച കുറ്റിപ്പുറത്ത് ഒരാളുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിനുശേഷമാണ് ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ച് ബസ് ഓടിക്കുന്ന ദൃശ്യം പുറത്തുവന്നത്.
ശനിയാഴ്ച പകൽസമയത്താണ് ഈ ദൃശ്യം ചിത്രീകരിച്ചതെന്നാണ് സൂചന. കസ്റ്റഡിയിലെടുത്ത ബസ് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച ഡ്രൈവർക്കെതിരേയും നിയമനടപടി സ്വീകരിക്കും.
ഡ്രൈവറോട് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും ഇതുവരെ ഹാജരായിട്ടില്ല.