ട്രാൻസ്പോർട്ട് വാഹനങ്ങളിൽ ജിപിഎസ്, പാനിക് ബട്ടൺ നിർബന്ധം; കർശന നടപടി ആവശ്യപ്പെട്ട് മാപ്സ് ജില്ലാ കളക്ടർക്ക് പരാതി നൽകി

തിരൂരങ്ങാടി: ജില്ലയിലെ എല്ലാ ട്രാൻസ്പോർട്ട് വാഹനങ്ങളിലും വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ് (VLTD/GPS), എമർജൻസി പാനിക് ബട്ടൺ എന്നിവ നിർബന്ധമായും പ്രവർത്തനസജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) ജില്ലാ കളക്ടർക്ക് പരാതി നൽകി. സുപ്രീംകോടതിയുടെ മെയ് 13-ലെ ഉത്തരവും സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസും കർശനമായി നടപ്പിലാക്കണമെന്നാണ് ആവശ്യം.

സ്ത്രീകൾ, കുട്ടികൾ, വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ എന്നിവരടക്കമുള്ള യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി കേന്ദ്ര സർക്കാർ റൂൾ 125H പ്രകാരം ഈ സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമാക്കിയിട്ടുണ്ട്. 

രാജ്യത്തുടനീളം യാതൊരു കാലതാമസവുമില്ലാതെ ഈ സംവിധാനങ്ങൾ നടപ്പിലാക്കാൻ സുപ്രീംകോടതി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 141, 142, 21 എന്നിവയുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതിയുടെ ഉത്തരവുകൾ നടപ്പിലാക്കേണ്ടത് ഭരണകൂടത്തിന്റെ നിയമപരമായ ബാധ്യതയാണെന്ന് മാപ്സ് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. 

സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ സർവീസ് നടത്തുന്ന വാഹനങ്ങൾ യാത്രക്കാരുടെ ജീവന് ഗുരുതരമായ ഭീഷണിയാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

പ്രധാന ആവശ്യങ്ങൾ:
 സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും പെർമിറ്റും പുതുക്കുന്നതിൽ നിയമനടപടി സ്വീകരിക്കുക.
 
കോടതി ഉത്തരവും റൂൾ 125H-ഉം സംബന്ധിച്ച പ്രത്യേക സർക്കുലർ എല്ലാ വാഹന ഉടമകൾക്കും നൽകുക.
 
പരിശോധനാ റിപ്പോർട്ട് ജില്ലാ റോഡ് സുരക്ഷാ സമിതിയിൽ അവതരിപ്പിച്ച് പൊതുജനങ്ങൾക്ക് ലഭ്യമാക്കുക.

മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, സി.പി. സുബൈർ ആനങ്ങാടി, സുലൈഖ സലാം എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന് നിവേദനം നൽകിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}