മലപ്പുറം: മഅദിൻ അക്കാദമി ആത്മീയസമ്മേളനവും മമ്പുറം തങ്ങൾ ആണ്ടുനേർച്ചയും നടത്തി.
കള്ളാടി മണ്ണിടിച്ചിൽ ദുരിതത്തിൽ അകപ്പെട്ടവർക്കും രക്ഷാപ്രവർത്തകർക്കും പ്രത്യേക പ്രാർഥന നടത്തി.
മഅദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി നേതൃത്വംനൽകി. മഴക്കാലമായതിനാൽ അധികൃതർ നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കരുതെന്നും തോടുകളും പുഴകളുമൊക്കെ നിറഞ്ഞുകവിയുന്ന സാഹചര്യത്തിൽ കുട്ടികളടക്കം എല്ലാവരുടെയും കാര്യത്തിൽ അതീവ ജാഗ്രത പാലിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധപുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽപെട്ടവർക്കായി വെള്ളിയാഴ്ച പള്ളികളിൽ പ്രത്യേക പ്രാർഥന നടത്താനും അദ്ദേഹം ആഹ്വാനംചെയ്തു.
സമസ്ത ഉപാധ്യക്ഷൻ അലി ബാഫഖി തങ്ങൾ അധ്യക്ഷനായി. പരിപാടിക്ക് എത്തിയ വിശ്വാസികൾക്ക് അന്നദാനവുമുണ്ടായിരുന്നു.
സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ശഫീഖ് അൽ ബുഖാരി കരുവൻതിരുത്തി, സയ്യിദ് സ്വാലിഹ് ഖാസിം ഐദ്രൂസി, സയ്യിദ് അഹ്‌മദുൽ കബീർ അൽ ബുഖാരി, സമസ്ത കേന്ദ്രമുശാവറ അംഗങ്ങളായ പൊന്മള മൊയ്തീൻകുട്ടി ബാഖവി, അബ്ദുള്ള അഹ്സനി ചെങ്ങാനി, ഇബ്‌റാഹീം ബാഖവി മേൽമുറി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, അബൂബക്കർ സഖാഫി കുട്ടശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.