കുറ്റിപ്പുറം: കുടുംബ വഴക്കിനെ തുടർന്ന് മരുമക്കൾ അമ്മാവനെ കുത്തികൊന്നു. ആതവനാട് കൂടശ്ശേരിപാറയിലാണ് സംഭവം.
കൂടശ്ശേരിപാറ ആനപാടിക്കൽ മുസ്തഫ (40) യാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരിയുടെ മക്കളായ സൈനുൽ ആബിദ്, സക്കിർ ഹുസൈൻ, സൽമാൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം നടന്നത്. കൊലപാതകം മുസ്തഫയും സഹോദരൻ അബ്ദുള്ളയും വീട്ടിൽ നിന്ന് ബൈക്കിൽ റോഡിലേക്ക് ഇറങ്ങുന്ന സമയം നോക്കി ഓട്ടോറിക്ഷയിൽ എത്തിയ പ്രതികൾ ഇവരെ ഇടിച്ചു വീഴ്ത്തി. തുടർന്ന് ഇവർ സഞ്ചരിച്ച ബൈക്കിന് തീയിട്ട ശേഷം, മാരകായുധങ്ങൾ ഉപയോഗിച്ച് മുസ്തഫയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുസ്തഫ സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടു. ആക്രമണത്തിൽ സഹോദരൻ അബ്ദുള്ളയ്ക്കും പരിക്കേറ്റിട്ടുണ്ട്. മുൻവൈരാഗ്യം കുടുംബ വഴക്കിനെ തുടർന്ന് ഇവർ തമ്മിൽ മുൻപും സംഘർഷങ്ങൾ ഉണ്ടായിരുന്നു. മുസ്തഫയെ മുൻപ് ആക്രമിച്ച കേസിൽ പ്രതികളായിരുന്ന ഈ സഹോദരങ്ങൾ ദിവസങ്ങൾക്ക് മുൻപാണ് ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയത്. സംഭവത്തിൽ വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.