തിരൂരങ്ങാടി: വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിൻ്റെ ഭാഗമായി തിരൂരങ്ങാടി ജി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി തുല്യതാ പഠിതാക്കൾക്കായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. സാക്ഷരതാ മിഷൻ്റെയും മീഡിയ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ബഷീർ പുസ്തക വായനാമത്സരം നന്നമ്പ്ര പഞ്ചായത്ത് മെമ്പർ ജാഫർ പനയത്തിൽ ഉദ്ഘാടനം ചെയ്തു.
ക്ലാസ് കോഡിനേറ്റർ എം. കാർത്തിയാനി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മനുഷ്യാവകാശ പ്രവർത്തകൻ അബ്ദുൽ റഹീം പൂക്കത്ത് പുസ്തകം കൈമാറി. 'ബേപ്പൂർ സുൽത്താൻ' എന്നറിയപ്പെടുന്ന ബഷീറിൻ്റെ സാഹിത്യലോകത്തെ അന്വർത്ഥമാക്കുന്ന രീതിയിലായിരുന്നു പരിപാടികൾ ക്രമീകരിച്ചിരുന്നത്. ബഷീർ കഥാപാത്രങ്ങളുടെ അവതരണവും, അദ്ദേഹത്തിൻ്റെ കൃതികളെ ആസ്പദമാക്കി നടത്തിയ ക്വിസ് മത്സരവും, വീഡിയോ പ്രദർശനവും പരിപാടിക്ക് കൂടുതൽ നിറപ്പകിട്ടേകി.
ലീഡർ മൻസൂർ സ്വാഗതം ആശംസിച്ചു. പഠിതാക്കളായ വത്സല, സുലൈഖ, സീനത്ത്, അർഷിദ, റംസീന, ബേബി, അയ്യൂബ്, ഷൈൻ ബാബു, അൻസാർ, ഹന്നത്ത് തുടങ്ങിയവർ പരിപാടികളിൽ സജീവമായി പങ്കെടുത്തു. ലീഡർ തസ്‌ലീമ നസ്‌റിൻ നന്ദി രേഖപ്പെടുത്തി.