വേങ്ങര: വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി ഊരകം ചാലിൽകുണ്ട് സ്വദേശി മുഹമ്മദ് റിയാസ് .കെ. കോഴിക്കോട് എക്സ്പ്ലോറ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ പ്രമുഖ മെന്റലിസ്റ്റും മജീഷ്യനും മൈൻഡ് ഡിസൈനറുമായ ആർ.കെ മലയത്തിൽ നിന്ന് അദ്ദേഹം സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങി. മെന്റലിസ്റ്റ് ശരീഫ് മാസ്റ്റർ ചടങ്ങിൽ സന്നിഹിതനായിരുന്നു.
ഹിപ്നോട്ടിക് അനസ്തേഷ്യ വിഭാഗത്തിലാണ് മുഹമ്മദ് റിയാസ് ഈ നേട്ടം കൈവരിച്ചത്. കോഴിക്കോട് വെച്ച് നടന്ന പരിപാടിയിൽ, “SUCCESSFULLY DEMONSTRATING ARM CATALEPSY AND HYPNOTIC GLOVE ANAESTHESIA DURING A FLAME-TOUCH DEMONSTRATION ON THEIR ARMS” എന്ന പ്രകടനം കാഴ്ചവെച്ചാണ് പാത്ത്മിയ ഇന്റർനാഷണൽ അക്കാദമിയുടെ ഭാഗമായി അദ്ദേഹം വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടംനേടിയത്.
ഇന്റർനാഷണൽ ട്രൈനറും മെന്റലിസ്റ്റുമായ ശരീഫ് മാസ്റ്ററിന് കീഴിൽ (പാത്ത്മിയ ഇന്റർനാഷണൽ അക്കാദമി) നിന്ന് മെന്റലിസവും സർട്ടിഫൈഡ് ഹിപ്നോട്ടിസ്റ്റ് പദവിയും കരസ്ഥമാക്കിയ റിയാസ്, സ്റ്റേജ് ഷോകളിലെ സജീവ സാന്നിധ്യമാണ്. നേരത്തെ മെന്റലിസത്തിലും അദ്ദേഹം വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് നേടിയിട്ടുണ്ട്.
കലാരംഗത്തെ തിളക്കമാർന്ന നേട്ടങ്ങൾക്കൊപ്പം ഔദ്യോഗിക രംഗത്തും സജീവമാണ് മുഹമ്മദ് റിയാസ്. നിലവിൽ സിവിൽ എഞ്ചിനീയറും LENSFED ഊരകം യൂണിറ്റ് പ്രസിഡന്റുമായ അദ്ദേഹം, വേങ്ങരയിൽ കഴിഞ്ഞ 9 വർഷമായി പ്രവർത്തിക്കുന്ന 'Archi SENSE Engineers & Architects' എന്ന എഞ്ചിനീയറിങ് സ്ഥാപനത്തിന്റെ സ്ഥാപകനും മേധാവിയുമാണ്.