മലപ്പുറം: ജില്ലയുടെ വികസന കുതിപ്പിന് കരുത്തുപകരുന്ന സ്വപ്ന പദ്ധതിയായ പത്തു നില റവന്യൂ ടവറിന്റെ നിർമാണ നടപടികൾ വേഗത്തിലാക്കാൻ തീരുമാനം. പദ്ധതിക്കാവശ്യമായ സമഗ്ര മാസ്റ്റർ പ്ലാൻ വൈകാതെ തയാറാക്കാനും നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാനും ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി.
മലപ്പുറം സിവിൽ സ്റ്റേഷൻ വളപ്പിൽ ജില്ലാ കളക്ടറുടെ കാര്യാലയത്തിന് മുൻപിലായി അത്യാധുനിക രീതിയിലാണ് പത്തു നിലകളുള്ള രണ്ടു കൂറ്റൻ ടവറുകൾ ഉയരുന്നത്. ഒട്ടേറെ സർക്കാർ ഓഫീസുകളെ ഒരു മേൽക്കൂരയ്ക്ക് കീഴിൽ അണിനിരത്തുന്നതിലൂടെ പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ കൂടുതൽ വേഗത്തിലും സുഗമമായും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനുപുറമെ, സമുച്ചയത്തിൽ 600 വാഹനങ്ങൾ ഒരേസമയം പാർക്ക് ചെയ്യാനുള്ള വിപുലമായ സൗകര്യവും ഉണ്ടാകും.
നിലവിൽ പ്രവർത്തിക്കുന്ന ഓഫീസുകളുടെ ദൈനംദിന പ്രവർത്തനങ്ങളെയോ ജനസേവനങ്ങളെയോ യാതൊരുവിധത്തിലും ബാധിക്കാത്ത രീതിയിലാണ് നിർമാണ ഘട്ടങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. മലപ്പുറത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന ഈ വൻകിട പദ്ധതി ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും പൂർണ സഹകരണത്തോടെ കൃത്യമായ ആസൂത്രണത്തിലൂടെ യാഥാർഥ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.