പടിഞ്ഞാറേക്കര: മഞ്ഞപ്പട്ടുടുത്ത പൂപ്പാടങ്ങൾ കാണാൻ ഇനി കർണാടക അതിർത്തി കടന്ന് ഗുണ്ടൽപേട്ടിലേക്ക് വണ്ടി കയറേണ്ടതില്ല.ഒതുക്കുങ്ങൽ മറ്റത്തൂർ പടിഞ്ഞാറേക്കര സ്കൂളിലെത്തിയാൽ ആരെയും കൊതിപ്പിക്കുന്ന പൂക്കാലം നേരിട്ട് അനുഭവിക്കാം. വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ ഒരുക്കിയ മല്ലികത്തോട്ടമാണ് ഇപ്പോൾ നാടിന് വിരുന്നൊരുക്കുന്നത്. വെറുമൊരു പൂന്തോട്ടത്തിനപ്പുറം വൈവിധ്യമാർന്ന ചിത്രശലഭങ്ങളുടെ വിഹാരകേന്ദ്രമായി മാറിയതോടെ സ്കൂളിലെ ഈ ഇടം 'ശലഭോദ്യാനം' എന്ന പേരിലാണ് ശ്രദ്ധ നേടുന്നത്.
പച്ചപ്പിനിടയിൽ സ്വർണ്ണവർണ്ണം വിതറിയതുപോലെ പൂത്തുനിൽക്കുന്ന മല്ലികപ്പൂക്കൾ തേൻ നുകരാനെത്തുന്ന നൂറുകണക്കിന് ചിത്രശലഭങ്ങളെക്കൊണ്ട് സമ്പന്നമാണ്. സ്കൂൾ മുറ്റത്തെ ഈ അപൂർവ്വ കാഴ്ച കാണാനും ചിത്രങ്ങൾ പകർത്താനുമായി നാട്ടുകാരുൾപ്പെടെ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. ചെടികൾ നടുന്നതുമുതൽ നനച്ചു വളർത്തുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളിലും കുട്ടികൾ തന്നെയാണ് മുന്നിൽ നിന്നത്.
വിദ്യാർത്ഥികളുടെ ഈ ഉദ്യമത്തിന് കരുത്തുപകർന്ന് അധ്യാപകരും പി.ടി.എ, എസ്.എം.സി പ്രതിനിധികളും പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്. പൂന്തോട്ടത്തിന് പുറമെ മാതൃകാപരമായ പച്ചക്കറിത്തോട്ടം, ഔഷധത്തോട്ടം, ഫലവൃക്ഷത്തോട്ടം എന്നിവയും ഇവിടെ വിജയകരമായി പരിപാലിച്ചുപോരുന്നുണ്ട്.
ചുറ്റുപാടുകളെ സ്നേഹിക്കാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും പുതിയ തലമുറയ്ക്ക് വലിയൊരു മാതൃക തീർക്കുകയാണ് പടിഞ്ഞാറേക്കരയിലെ വിദ്യാർത്ഥികൾ. പൂക്കളുടെയും പൂമ്പാറ്റകളുടെയും വർണ്ണക്കാഴ്ചകൾ സമ്മാനിച്ച് കാമ്പസിൽ ഒരു കൊച്ചു ഗുണ്ടൽപേട്ട് തന്നെ തീർത്തിരിക്കുകയാണ് ഈ മിടുക്കർ.