ആകാശത്ത് അപൂർവ സംഗമം: മലപ്പുറത്ത് ഇന്ന് വൈകുന്നേരം 'ശുക്രഭേദനം' ദൃശ്യമാകും

ആകാശത്ത് അപൂർവ പ്രതിഭാസമൊരുക്കി ചന്ദ്രനും ശുക്രനും സന്ധ്യാമാനത്ത് സംഗമിക്കുന്നു. ചാന്ദ്രമറയിൽ ശുക്രൻ ഒളിക്കുന്ന 'ശുക്രഭേദനം എന്ന മനോഹര ജ്യോതിശാസ്ത്ര കാഴ്ചയ്ക്കാണ് ഇന്ന് വാനനിരീക്ഷകർ സാക്ഷ്യം വഹിക്കുക.

വൈകുന്നേരം ശുക്രന്റെ മുന്നിലൂടെ ചന്ദ്രൻ കടന്നുപോകുന്നതോടെ ഒരു മണിക്കൂറിലേറെ സമയമാണ് ശുക്രൻ പൂർണ്ണമായും മറയ്ക്കപ്പെടുന്നത്.

മലപ്പുറത്ത് വൈകുന്നേരം 5.23-നാണ് ചന്ദ്രൻ ശുക്രനെ മറച്ചു തുടങ്ങുക. തുടർന്ന് 6.46-ഓടെ ശുക്രൻ ചന്ദ്രന്റെ മറവിൽ നിന്ന് പുറത്തുവരും. ഈ സമയത്ത് ചന്ദ്രനെ തൊട്ടുരുമ്മി നിൽക്കുന്ന ശുക്രന്റെ തിളക്കം നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകും.

മറ്റ് കേരളീയ പ്രദേശങ്ങളിൽ ഈ സമയക്രമത്തിൽ ഏതാനും മിനിറ്റുകളുടെ വ്യത്യാസമുണ്ടാകും. സന്ധ്യയ്ക്ക് പടിഞ്ഞാറൻ മാനത്ത് ഏറ്റവും തിളക്കത്തോടെ കാണുന്ന നക്ഷത്രസമാനമായ ഗോളമാണ് ശുക്രൻ.

മറ്റ് ഗ്രഹങ്ങൾക്കും അപൂർവമായി ഇത്തരം ഭേദനങ്ങൾ സംഭവിക്കാറുണ്ടെന്ന് വാനനിരീക്ഷകനായ ഇല്യാസ് പെരിമ്പലം വ്യക്തമാക്കി.

ഭേദനം ആരംഭിക്കുന്നത് ഉച്ചയ്ക്ക് ശേഷം 2.56-ന് ആയതിനാൽ പകൽവെളിച്ചത്തിൽ തുടക്കം കാണാനാവില്ല. വൈകുന്നേരം 6.27-നാണ് മലപ്പുറത്ത് സൂര്യൻ അസ്തമിക്കുന്നത്. അതിനാൽ 6.46-ന് ശുക്രൻ പുറത്തുവരുമ്പോൾ വേണ്ടത്ര ഇരുട്ടില്ലെങ്കിൽ കാഴ്ച വ്യക്തമാകാൻ ബൈനോക്കുലറോ ടെലിസ്കോപ്പോ ഉപയോഗിക്കേണ്ടി വരും.

എന്നാൽ സൂര്യൻ അസ്തമിക്കുന്നതിന് മുമ്പ് ഒരു കാരണവശാലും ടെലിസ്കോപ്പോ ബൈനോക്കുലറോ ഉപയോഗിച്ച് പടിഞ്ഞാറൻ ആകാശത്തേക്ക് നോക്കരുത്. ഇത് കണ്ണിന് ഗുരുതരമായ പരിക്കേൽപ്പിക്കും.
സന്ധ്യാവെളിച്ചം കാരണം മറവിൽ നിന്നുള്ള പുറത്തുവരൽ വ്യക്തമായില്ലെങ്കിലും ഏഴു മണിയോടെ ചന്ദ്രനോട് ചേർന്നുനിൽക്കുന്ന ശുക്രന്റെ മനോഹരദൃശ്യം നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ ആസ്വദിക്കാം. മേഘാവൃതമായ ആകാശമാണെങ്കിൽ കാഴ്ച തടസ്സപ്പെടാൻ സാധ്യതയുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}