മത്സ്യബന്ധന ബോട്ടിലിടിച്ചു; 170 ടൺ ചരക്കുമായി കവരത്തിയിലേക്ക് പോയ ഉരു ബേപ്പൂരിൽ മുങ്ങി

ബേപ്പൂരിൽ നിന്ന് കവരത്തി ദ്വീപിലേക്ക് ചരക്കുമായി പോയ ഉരു മത്സ്യബന്ധന ബോട്ടിലിടിച്ച് കടലിൽ മുങ്ങി. ഉരുവിലെ എട്ട് തൊഴിലാളികളെയും രക്ഷിച്ചു. ഉരുവിന്റെ സ്രാങ്ക് മൈക്കിൾ (56), സെൽടൺ (63), ഭാസ്‌ക്കരൻ (51), ഡൊമിനിക്ക് (60), കിഷൻ (23), ക്ലിപ്റ്റൺ (25), അയ്യപ്പൻ (36), സുസായി എഡിസൺ (70) എന്നിവരെ കോസ്റ്റ് ഗാർഡ് സി 144 കപ്പലിൽ ബേപ്പൂർതുറമുഖത്തെത്തിച്ചു. എല്ലാവരും തമിഴ്‌നാട്, തൂത്തുക്കുടി സ്വദേശികളാണ്. ഇവരെ കോസ്റ്റൽ പൊലീസിന് കൈമാറി.

ചൊവ്വാഴ്ച രാത്രി 11.30ന് ബേപ്പൂരിൽ നിന്ന് 19 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. ഇടിച്ച ബോട്ടിനെ തിരിച്ചറിയാനായിട്ടില്ല. തൂത്തുക്കുടി സ്വദേശിനി സുന്ദരിയുടെ ഉടമസ്ഥതയിലുള്ള എം.എസ്.വി ജീസസ് ഹാർട്ട് എന്ന ഉരുവാണ് മുങ്ങിയത്.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനാണ് 170 ടൺ ചരക്കുമായി ഉരു യാത്ര തുടങ്ങിയത്. ഇതിനിടെ ഉരുവിന്റെ വശത്ത് ബോട്ടിടിക്കുകയായിരുന്നു. തുടർന്ന് ജീവനക്കാർ വി.എച്ച്.എഫ് റേഡിയോയിലൂടെ അപായ സന്ദേശമയച്ചു. ഇതോടെ സമീപത്തുണ്ടായിരുന്ന റസ്‌കോ 4 ടഗ്ഗ് തൊഴിലാളികളുടെ രക്ഷയ്ക്കെത്തി. ജീവനക്കാർ ഉരുവിലുണ്ടായിരുന്ന ചെറിയ വള്ളത്തിൽ കയറിയതാണ് രക്ഷാപ്രവർത്തനത്തിന് ഗുണകരമായത്. തുടർന്ന് ഇന്നലെ രാവിലെ എട്ടിന് കോസ്റ്റ് ഗാർഡിന്റെ കപ്പലിൽ കയറ്റിവിട്ടു.

തൊഴിലാളികളുമായി കപ്പെലെത്തുമ്പോൾ തുറമുഖത്ത് കോസ്റ്റ് ഗാർഡിന്റെ ആംബുലൻസ് സജ്ജമാക്കിയിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം തുടർചികിത്സ ആവശ്യമില്ലാത്തതിനാൽ തൊഴിലാളികളെ ബേപ്പൂരിലെ സ്വകാര്യ ലോഡ്ജിലേക്ക് മാറ്റി. കെട്ടിട നിർമ്മാണ സാമഗ്രികൾ, ഫർണിച്ചറുകൾ, ഭക്ഷ്യവസ്തുക്കൾ, എയർകണ്ടീഷൻ, പെയിന്റ്, കാർ, ബൈക്ക് എന്നിവയടക്കം ഒന്നര കോടി വില വരുന്ന ചരക്കുകളാണ് നഷ്ടമായത്. കോസ്റ്റ് ഗാർഡ് ഡെപ്യൂട്ടി കമാൻഡന്റ് ശരത് ജോസിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}