വേങ്ങര ഫയർ സ്റ്റേഷന് 2.6 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി മന്ത്രി കെ എം ഷാജി അറിയിച്ചു.
ദേശീയപാതക്കടുത്ത് കൊളപ്പുറം തിരൂരങ്ങാടി റോഡിനോട് ചേർന്നുള്ള സ്ഥലത്താണ് ഫയർ സ്റ്റേഷൻ യാഥാർഥ്യമാകുന്നത് .
2015 ൽ വേങ്ങര എം എൽ എ യും വ്യവസായ വകുപ്പ് മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി യുടെ ആവശ്യപ്രകാരം അനുവദിച്ച വേങ്ങര ഫയർ സ്റ്റേഷന് അനുയോജ്യമായ സ്ഥലം ലഭ്യമാകാത്തത് കാരണം നിർമാണം ആരംഭിക്കാൻ സാധിക്കാതെ നീണ്ടു പോകുകയായിരുന്നു. ഫയർ സ്റ്റേഷൻ നിർമ്മിക്കുന്നതിന് ആവശ്യമായ 25 സെൻറ് സ്ഥലം എ.ആർ നഗർ ഗ്രാമപഞ്ചായത്തിൻ്റെ കൈവശമുള്ള പി.എച്ച്.സി കോമ്പൗണ്ടിൽ അനുവദിച്ച് കൊണ്ട് 2016 ഫെബ്രുവരി മാസത്തിൽ തന്നെ ഉത്തരവായിരുന്നു. അതേ സമയം, പി.എച്ച്.സി യുടെ പുരോഗമന പ്രവർത്തനങ്ങൾക്ക് ഭാവിയിൽ സ്ഥലം ആവശ്യമായി വരുമെന്നതിനാൽ പി.എച്ച്.സി കോമ്പൗണ്ടിൽ നിർമ്മാണം വേണ്ടെന്ന് വെക്കുകയായിരുന്നു .
തുടർന്നാണ് കൊളപ്പുറം തിരൂരങ്ങാടി റോഡിൽ ദേശീയ പാതയോട് ചേർന്ന് പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ റീ.സ നമ്പർ 311 - ൽ ഉൾപ്പെട്ട 40 സെന്റ് ഭൂമി ഫയർ സ്റ്റേഷൻ നിർമാണത്തിന് അനുയോജ്യമാണെന്ന് ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം കണ്ടെത്തിയത്. നിർദ്ധിഷ്ട സ്ഥലത്ത് ഫയർ സ്റ്റേഷൻ നിർമ്മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി നേരത്തെ ലഭ്യമാക്കിയിരുന്നു.
ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ വേങ്ങര , കോട്ടക്കൽ , തിരൂരങ്ങാടി , കാലിക്കറ്റ് യൂണിവേഴ്സിറ്റി , കൊണ്ടോട്ടി , കാലിക്കറ്റ് എയർപ്പോർട്ട്, ചേളാരി ഗ്യാസ് പ്ലാന്റ് തുടങ്ങിയ പ്രദേശങ്ങളിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വളരെയേറെ സഹായകമാകുന്നതാണ് നിർദ്ദിഷ്ട ഫയർ സ്റ്റേഷൻ.
ടെൻഡർ നടപടികൾ അടിയന്തിരമായി പൂർത്തീകരിച്ച് നിർമാണം വേഗത്തിൽ പൂർത്തീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി കെ എം ഷാജി പറഞ്ഞു.