രാജ്യത്തുടനീളം ഇ-ചെല്ലാൻ വഴിയുള്ള ട്രാഫിക് പിഴ കുടിശ്ശിക 49,194 കോടി രൂപയായി ഉയർന്ന പശ്ചാത്തലത്തിൽ കടുത്ത നടപടികളുമായി സുപ്രീം കോടതി രംഗത്ത്. പിഴ അടച്ചുതീർക്കാത്ത വാഹന ഉടമകൾക്കെതിരെ റോഡുകളിൽ കർശന പരിശോധന നടത്താനും അത്തരം വാഹനങ്ങൾ കണ്ടുകെട്ടാനും ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. കുടിശ്ശിക വരുത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കാനാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.
പിഴ ഒടുക്കാത്ത വാഹനങ്ങളുടെ കാര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ‘പരിവാഹൻ’ പോർട്ടലിന് നിർദ്ദേശം നൽകിയിട്ടുണ്ട്. വാഹനം വിൽക്കാനോ ഉടമസ്ഥാവകാശം മാറ്റാനോ സാധിക്കാത്ത വിധം ഇത്തരം വാഹനങ്ങളെ പോർട്ടലിൽ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യും. കൂടാതെ, കുടിശ്ശിക തീർക്കാത്ത പക്ഷം വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, ഡ്യൂപ്ലിക്കേറ്റ് ആർ.സി, മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടെയുള്ള യാതൊരുവിധ മോട്ടോർ വാഹന സേവനങ്ങളും നൽകാൻ പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഇ-ചെല്ലാനുകൾ അയച്ചതുകൊണ്ട് മാത്രം നിയമലംഘനങ്ങൾ അവസാനിക്കുന്നില്ലെന്നും പിഴത്തുക കൃത്യമായി ഈടാക്കാൻ അധികാരികൾക്ക് കഴിയണമെന്നും കോടതി നിരീക്ഷിച്ചു. വൻതോതിൽ നിയമലംഘനം നടത്തുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നത് തടയുന്നതുൾപ്പെടെയുള്ള കർശനമായ രീതികൾ നടപ്പിലാക്കാനും സംസ്ഥാനങ്ങളോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പുതിയ ഉത്തരവ് രാജ്യത്തെ ലക്ഷക്കണക്കിന് വാഹന ഉടമകൾക്കാണ് കനത്ത തിരിച്ചടിയാകുന്നത്.