തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒക്ടോബർ 20 വരെ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 18ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഒക്ടോബർ 19ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. ഒക്ടോബർ 20ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും മുന്നറിയിപ്പ് ബാധകമാണ്.
ലക്ഷദ്വീപിന്റെ വടക്കൻ ഭാഗങ്ങൾക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി തുടരുകയാണ്. തമിഴ്നാടിന് മുകളിലും തെക്കൻ തീരദേശ ആന്ധ്രാപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലും ചക്രവാതച്ചുഴികൾ സ്ഥിതി ചെയ്യുന്നുണ്ട്. ഈ കാലാവസ്ഥാ സാഹചര്യങ്ങളുടെ സ്വാധീനത്തിൽ കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത.
ഒക്ടോബർ 17 മുതൽ 20 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നൽ സമയത്ത് തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. ശക്തമായ കാറ്റ് വീശുന്ന സാഹചര്യത്തിൽ മരങ്ങൾക്കും വൈദ്യുതി ലൈനുകൾക്കും സമീപം നിൽക്കാതിരിക്കാനും ജാഗ്രത പാലിക്കണം. മഴ മുന്നറിയിപ്പുകൾക്കും കാലാവസ്ഥ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും നിർദേശങ്ങൾക്കും അനുസരിച്ച് പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണം.