നാടുകാണി ചുരത്തിലേക്ക് ഇനി പ്ലാസ്റ്റിക്കുമായി പ്രവേശനമില്ല; ആനമറിയിൽ കർശന പരിശോധനയ്ക്ക് തുടക്കം

വഴിക്കടവ്: ആനമറിയിലെ പ്ലാസ്റ്റിക് ചെക്ക് പോസ്റ്റിൽ യാത്രക്കാർക്ക് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്.
വഴിക്കടവ് ∙ നാടുകാണി ചുരം വനമേഖലയിൽ പ്ലാസ്റ്റിക് മാലിന്യം ഉപേക്ഷിക്കുന്നതിനെതിരെ നടപടി ശക്തമാക്കുന്നു. ചുരത്തിലേക്ക് എത്തുന്ന വാഹനങ്ങളിൽ പ്ലാസ്റ്റിക് വസ്തുക്കൾ പരിശോധിക്കുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘പ്ലാസ്റ്റിക് ചെക്ക്പോസ്റ്റ്’ ഒരാഴ്ചയ്ക്കകം പ്രവർത്തനം തുടങ്ങും. ചുരം തുടങ്ങുന്ന ആനമറിയിൽ വനംവകുപ്പ് ചെക് പോസ്റ്റിന് സമീപമാണ് പരിശോധനാ കേന്ദ്രം ഒരുക്കുന്നത്.

ചുരം കയറിവരുന്ന വാഹനങ്ങൾ ചെക് പോസ്റ്റിൽ പരിശോധിക്കും. വെള്ളക്കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ ഉൾപ്പെടെയുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ വാഹനങ്ങളിൽ കണ്ടെത്തിയാൽ പിടിച്ചെടുക്കും.

ആദ്യഘട്ടത്തിൽ മുന്നറിയിപ്പ് നൽകും. നിയമലംഘനം ആവർത്തിക്കുന്നവരിൽനിന്ന് പിന്നീട് പിഴ ഈടാക്കുന്നതിനുള്ള നടപടികളിലേക്കും കടക്കും. വനമേഖലയിൽ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനൊപ്പം സഞ്ചാരികൾക്കും യാത്രക്കാർക്കും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. വനം, പൊലീസ്, ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിശോധന നടത്തുക. ഹരിതകർമ സേനാംഗങ്ങളെയാണ് ചെക്ക് പോസ്റ്റിൽ പരിശോധനയ്ക്കായി നിയോഗിക്കുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}