പടപ്പറമ്പ്: "നാടിന്റെ ജീവൻ, നാളെയുടെ വെളിച്ചം; ലഹരിയോട് നോ പറയൂ, ജീവിതത്തോട് യെസ് പറയൂ!" എന്ന സന്ദേശമുയർത്തി കണ്ണമംഗലം മോഡൽ സി.ഡി.എസിന് കീഴിലുള്ള പടപ്പറമ്പ് (വാർഡ് 17) എ.ഡി.എസിന്റെയും, അയൽക്കൂട്ട അംഗങ്ങളുടെയും, ബാലസഭ കുട്ടികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ വിപുലമായ ലഹരിവിരുദ്ധ ബോധവത്കരണ റാലി നടത്തി.
"കൗമാരം ലഹരിക്കല്ല, കരുതലോടെയുള്ള മുന്നേറ്റത്തിന്!" എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പരിപാടി 15-ാം വാർഡ് മെമ്പർ ശ്രീ. സമീർ പുള്ളാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീ. സൈതു നെടുമ്പള്ളി ചടങ്ങിന് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സി.ഡി.എസ് മെമ്പർ മുംതാസ് സ്വാഗതം ആശംസിച്ചു. 14-ാം വാർഡ് മെമ്പർ ശ്രീ. നംഷാദ് അമ്പലവൻ, എ.ഡി.എസ് ചെയർപേഴ്സൺ ഷമീമ, എ.ഡി.എസ് അംഗങ്ങളായ നസീറ, സുനില, ശാലിജ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ എ.ഡി.എസ് അംഗം ഉമ്മുകുൽസു വിഷയാവതരണം നടത്തി.
ലഹരിയുടെ വിപത്തുകളെക്കുറിച്ചും ദൂഷ്യവശങ്ങളെക്കുറിച്ചും ഓർമ്മിപ്പിച്ചുകൊണ്ട് നടന്ന റാലിയിൽ നൂറുകണക്കിന് അയൽക്കൂട്ട അംഗങ്ങളും ബാലസഭ കുട്ടികളും പ്ലക്കാർഡുകളേന്തി അണിനിരന്നു. പരിപാടിയുടെ ഒടുവിൽ എ.ഡി.എസ് വൈസ് ചെയർപേഴ്സൺ പ്രസന്ന ഏവർക്കും നന്ദി രേഖപ്പെടുത്തി.