ഇരിങ്ങല്ലൂർ: സമസ്ത സെൻ്റിനറി ആഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങല്ലൂർ സർക്കിൾ എസ്.വൈ.എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'തസ്കിയ സമ്മേളനം' സമാപിച്ചു. കോട്ടപ്പറമ്പ് എച്ച്.യു.എം ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ തുടക്കത്തിൽ ഒ.കെ അബ്ദുറഷീദ് ബാഖവി കുഴിപ്പുറം പ്രാർത്ഥന നിർവഹിച്ചു. എസ്.വൈ.എസ് സർക്കിൾ പ്രസിഡന്റ് ഒ.കെ അഹ്മദ് സലീൽ അഹ്സനി കുഴിപ്പുറം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രമുഖ പണ്ഡിതൻ ഇബ്റാഹീം സഖാഫി പുഴക്കാട്ടിരി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി.
സമൂഹത്തിൽ നന്മയും ആത്മീയ ഉണർവും ലക്ഷ്യമിട്ട് സംഘടിപ്പിച്ച സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് സയ്യിദ് ജഅ്ഫർ തുറാബ് തങ്ങൾ പാണക്കാട് പ്രത്യേക സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി.
ചടങ്ങിൽ അബ്ദുൽ ബാഖി മുസ്ലിയാർ, യൂസുഫ് സഖാഫി കുറ്റാളൂർ, പി.സി.എച്ച് അബൂബക്കർ സഖാഫി, അബ്ദുറഹ്മാൻ സഖാഫി, എം മുഹമ്മദ് കുറ്റിത്തറ, അഷ്റഫ് പാലാണി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. ഫിറോസ് സഖാഫി മാട്ടനപ്പാട് സ്വാഗതവും അബൂബക്കർ സിദ്ധീഖ് സൈനി നന്ദിയും പറഞ്ഞു.