വേങ്ങര: മലപ്പുറം ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും സംയുക്തമായി രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന ഭിന്നശേഷി സമഗ്ര വിവരശേഖരണ പദ്ധതിയായ 'M-സഹജീവൻ' പൈലറ്റ് പ്രൊജക്റ്റ് വിജയകരമായി പൂർത്തിയാക്കിയ വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതിയെയും സജീവമായി പങ്കാളികളായവരെയും ആദരിച്ചു.
പദ്ധതി ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായി, സർവേ നടപ്പിലാക്കിയ വേങ്ങര പഞ്ചായത്തിന്റെ അനുഭവങ്ങളും ഫീഡ്‌ബാക്കും ക്രോഡീകരിക്കുന്നതിനായി ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷമീർ മച്ചിങ്ങൽ വിളിച്ചുചേർത്ത പ്രത്യേക യോഗത്തിലാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.
സമൂഹത്തിലെ സമഗ്രമായ മാറ്റത്തിനായി പദ്ധതി ഏറ്റെടുത്തു വിജയിപ്പിച്ച പഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. അബ്ദുൽ നാസർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സബ്ന ഇബ്രാഹീം, പഞ്ചായത്തിലെ അങ്കണവാടി പ്രവർത്തകർ, ആശാ പ്രവർത്തകർ, സർവേയിൽ പങ്കാളികളായ മലബാർ കോളേജ് NSS വോളന്റിയർമാർ എന്നിവർക്ക് യോഗത്തിൽ ആദരവ് നൽകി.
ചടങ്ങിന്റെ ഉദ്ഘാടനം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. അബ്ദുൽ നാസർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സബ്ന ഇബ്രാഹീം, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാദിഖ് കോടിയാട്ടിൽ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ടി. മൊയ്തീൻ, പഞ്ചായത്ത് സെക്രട്ടറി സുഹാസ് ലാൽ എന്നിവർ സംസാരിച്ചു.
കൂടാതെ വാർഡ് മെമ്പർമാരായ കെ. ഹനീഫ, എം. പി. അഹമ്മദ്, ഉമ്മർ കൈപ്രൻ, മൈമൂന, ചന്ദ്രൻ, എൻ. ടി. മോഹനൻ, ജംസിയ ചീരങ്ങൻ, സകീന തൂമ്പിൽ, മുഹ്സിന, സജിത ടീച്ചർ, ഐ.സി.ഡി.എസ് (ICDS) സൂപ്പർവൈസർ സമിത കുമാരി, ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസൻ, മലബാർ കോളേജ് എൻ.എസ്.എസ് (NSS) പ്രോഗ്രാം ഓഫീസർ നൗഫൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.