വേങ്ങര: സബ്‌ജില്ലാ ശാസ്ത്ര–കായിക മേളകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച ചേറൂർ PPTMYHSS വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് വേങ്ങരയിൽ ആവേശോജ്ജ്വലമായ സ്വീകരണമൊരുക്കി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റും യൂത്ത് വിംഗും. വിജയശ്രീലാളിതരായ വിദ്യാർത്ഥികൾക്ക് മധുരപലഹാരങ്ങളും പാനീയങ്ങളും നൽകിയാണ് വ്യാപാരി സമൂഹം സ്വീകരിച്ചത്.
മേളകളിൽ നേടിയ ട്രോഫികളും മൊമെന്റോകളും മറ്റ് സമ്മാനങ്ങളുമായി ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പി.ടി.എ. ഭാരവാഹികളും നാട്ടുകാരും വേങ്ങര ടൗണിലെത്തിയത്. ടൗണിൽ അണിനിരന്ന വ്യാപാരികൾ ആഹ്ലാദാരവങ്ങളോടെ വിജയികളെ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ച് സ്വീകരിച്ചു.
സ്വീകരണ ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശരീഫ് കുറ്റൂർ നിർവഹിച്ചു. വിദ്യാർത്ഥികളുടെ ഈ നേട്ടം തുടർപ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജവും പ്രചോദനവുമാകട്ടെ എന്നും ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാൻ ചേറൂർ PPTMYHSS-ലെ പ്രതിഭകൾക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര മണ്ഡലം ജനറൽ സെക്രട്ടറിയും വേങ്ങര യൂണിറ്റ് പ്രസിഡന്റുമായ എം.കെ. സൈനുദ്ദീൻ ഹാജി, വേങ്ങര യൂണിറ്റ് ജനറൽ സെക്രട്ടറി ശിവശങ്കരൻ നായർ, യൂണിറ്റ് സെക്രട്ടറി ഇബ്രാഹിം വെട്ടിക്കാട്ടിൽ എന്നിവർ സംസാരിച്ചു. കൂടാതെ യൂത്ത് വിങ് ജനറൽ സെക്രട്ടറി ജബ്ബാർ അരീക്കാടൻ, സെക്രട്ടറി സഹൽ എന്നിവരും മറ്റ് പ്രവർത്തകരും ആശംസകൾ നേർന്നു.
വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിനും അധ്യാപകരുടെ സമർപ്പണത്തിനും രക്ഷിതാക്കളുടെയും പി.ടി.എ. കമ്മിറ്റിയുടെയും പിന്തുണയ്ക്കുമുള്ള വലിയൊരു അംഗീകാരമായി ഈ വിജയാഘോഷം മാറി. വിദ്യാലയത്തിന്റെ നേട്ടത്തിൽ പങ്കുചേർന്ന് സ്വീകരണമൊരുക്കിയ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എ. ഭാരവാഹികളും നന്ദി രേഖപ്പെടുത്തി.