വേങ്ങര: ₹2,000-ന് മുകളിലുള്ള യു.പി.ഐ (UPI) ഇടപാടുകൾക്ക് Merchant Discount Rate (MDR) ചുമത്തുന്നതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) വേങ്ങര യൂണിറ്റിലെ മുഴുവൻ കടകളിലും ഒക്ടോബർ 15-ന് UPI വഴിയുള്ള ഡിജിറ്റൽ പണമിടപാടുകൾ പൂർണ്ണമായും നിർത്തിവെക്കും.
MDR ചാർജ് ചുമത്തുന്നതിനെതിരെയും വ്യാപാരികളുടെ അവകാശ സംരക്ഷണത്തിനായുമാണ് ഒക്ടോബർ 15-ന് തിരുവനന്തപുരത്തെ ലോക്ഭവനിലേക്ക് കെ.വി.വി.എസ്.എസിന്റെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കുന്നത്. ഈ സംസ്ഥാനതല പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് വേങ്ങരയിലെ വ്യാപാരികളും അന്നേദിവസം UPI പേയ്മെന്റുകൾ സ്വീകരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചത്.
കടകളിൽ പ്രത്യേക അറിയിപ്പ്:
ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കടകളിൽ മുൻകൂട്ടി ഇത് സംബന്ധിച്ച അറിയിപ്പുകൾ പ്രദർശിപ്പിക്കുമെന്നും, ഈ ഘട്ടത്തിൽ ഉപഭോക്താക്കൾ വ്യാപാരികളോട് സഹകരിക്കണമെന്നും ഏകോപന സമിതി ഭാരവാഹികൾ അഭ്യർത്ഥിച്ചു.
ഇത് ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാനല്ല, മറിച്ച് വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള പ്രതിഷേധമാണെന്ന് വേങ്ങര യൂണിറ്റ് ഭാരവാഹികൾ വ്യക്തമാക്കി. മുഴുവൻ വ്യാപാരികളും ഒറ്റക്കെട്ടായി ഈ പ്രതിഷേധത്തിന്റെ ഭാഗമാകണമെന്നും സംഘടന ആവശ്യപ്പെട്ടു.