വെന്നിയൂർ അപകടം: യഥാർത്ഥ കുറ്റക്കാരെ കണ്ടെത്തണം; വൈദ്യുതി ജീവനക്കാരെ ബലിയാടാക്കരുത് - കെ.ഇ.ഇ.സി

തിരൂരങ്ങാടി: വെന്നിയൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ സ്റ്റേ കമ്പിയിൽ നിന്നും വൈദ്യുതാഘാതമേറ്റ് 13 വയസ്സുകാരൻ ജുനൈദ് ദാരുണമായി മരണപ്പെട്ട സംഭവത്തിൽ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (കെ.ഇ.ഇ.സി - ഐ.എൻ.ടി.യു.സി) തിരൂരങ്ങാടി ഡിവിഷൻ സമ്മേളനം അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. കുട്ടിയുടെ കുടുംബത്തിന്റെ തീരാവേദനയിൽ സംഘടന പങ്കുചേരുന്നതായും യോഗം വ്യക്തമാക്കി.

അതേസമയം, ഈ ദൗർഭാഗ്യകരമായ അപകടത്തിന്റെ പേരിൽ കൃത്യമായ വസ്തുതകൾ പരിശോധിക്കാതെ ഫീൽഡ് തലത്തിലുള്ള ജീവനക്കാരെ മാത്രം ബലിയാടാക്കാൻ ശ്രമിക്കുന്ന നടപടി തികച്ചും പ്രതിഷേധാർഹമാണെന്ന് സമ്മേളനം വിലയിരുത്തി. വൈദ്യുതി ലൈനുകളിലെ സാങ്കേതിക തകരാറുകളോ, മറ്റ് ബാഹ്യ ഇടപെടലുകളോ ശാസ്ത്രീയമായി പരിശോധിക്കാതെ ജീവനക്കാർക്കെതിരെ ഏകപക്ഷീയമായ നടപടികൾ സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.

അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി സമഗ്രവും നിഷ്പക്ഷവുമായ പോലീസ് അന്വേഷണം നടത്തണമെന്നും, സാങ്കേതിക വശങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള അന്വേഷണത്തിലൂടെ യഥാർത്ഥ കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കൂടാതെ, അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് നിരപരാധികളായ വൈദ്യുതി ജീവനക്കാരെ ബലിയാടാക്കുന്നതും പ്രതികാര നടപടികൾ സ്വീകരിക്കുന്നതും അധികാരികൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

തിരൂരങ്ങാടി ഡിവിഷൻ പ്രസിഡന്റ് ജിനേഷ് വി. അധ്യക്ഷത വഹിച്ച സമ്മേളനം കെ.പി.സി.സി അംഗം റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. കെ.ഇ.ഇ.സി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സിബിക്കുട്ടി ഫ്രാൻസിസ് മുഖ്യപ്രഭാഷണവും, സംസ്ഥാന ജനറൽ സെക്രട്ടറി ഷമീം നാട്യമംഗലം പ്രഭാഷണവും നടത്തി. യു.ഡി.ഇ.ഇ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ, കെ.ഇ.ഇ.സി സംസ്ഥാന സെക്രട്ടറി മെൽബിൻ ആന്റണി എന്നിവർ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.

മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുധീർകുമാർ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഷംജീർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തെങ്ങിലാൻ ഹംസ, വാർഡ് മെമ്പർ റിയാസ് കല്ലൻ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി മുരളീ കൃഷ്ണൻ, ജില്ലാ സെക്രട്ടറി അഷ്‌റഫ് പുളിക്കലകത്ത്, ജില്ലാ ട്രഷറർ ശറഫുദ്ധീൻ ടി.പി. എന്നിവർ ആശംസകൾ നേർന്നു. ഡിവിഷൻ സെക്രട്ടറി ഇഖ്ബാൽ ടി.പി. സ്വാഗതവും ഡിവിഷൻ ട്രഷറർ ജാഫർ മാട്ടറ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}