തിരൂരങ്ങാടി: നഗരസഭയിലെ 38, 39, 40 ഡിവിഷനുകളിലൂടെ കടന്നുപോകുന്ന എക്സ്പ്രസ് കനാൽ നിർമ്മാണ പ്രവൃത്തികൾ പ്രദേശവാസികളെ കടുത്ത ദുരിതത്തിലാക്കുന്നതായി പരാതി. നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവെച്ച് പുനഃപരിശോധന നടത്തണമെന്നും ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണണമെന്നും തിരൂരങ്ങാടി നിയോജകമണ്ഡലം ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് വിജിലൻസ് ഫോറം (HRJVC) ആവശ്യപ്പെട്ടു. ചെമ്മാട് മാപ്പിളകലാ അക്കാദമിയിൽ ചേർന്ന യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
പ്രദേശത്തെ നിരവധി വീടുകളിലായി മാരകരോഗങ്ങൾക്ക് അടിമപ്പെട്ടവരും നിത്യരോഗികളും പ്രായാധിക്യമുള്ളവരുമായ നിരവധി പേർ താമസിക്കുന്നുണ്ട്. ഇവർക്കടക്കം വഴിനടക്കാനുള്ള പ്രാഥമിക സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന തരത്തിലാണ് നിർമ്മാണ പ്രവൃത്തികൾ മുന്നോട്ട് പോകുന്നത്. ഇത് ഒരു കാരണവശാലും നീതീകരിക്കാനാവില്ലെന്ന് യോഗം വിലയിരുത്തി.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംഘടനയുടെ ജില്ലാ നേതാക്കൾ പ്രദേശം സന്ദർശിക്കാനും ബന്ധപ്പെട്ട അധികാരികളെ കാര്യങ്ങൾ ബോധ്യപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളുടെ ദുരവസ്ഥയ്ക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകാനാണ് യോഗത്തിന്റെ തീരുമാനം.
നിയോജകമണ്ഡലം പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് മേലോത്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അസൈനാർ ഊരകം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് മനരിക്കൽ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ-നിയോജകമണ്ഡലം ഭാരവാഹികളായ അലി മനോല, മണക്കടവൻ നസ്രുള്ള ഷെരീഫ്, തടത്തിൽ ശരീഫ്, ആബിദ താണിക്കൽ, പി.എൻ. സുന്ദരരാജൻ, കബീർ കക്കാട്, കബീർ കെ.കെ., താഫ്സീജ കെ.എം., കെ.ടി. ആയിഷ എന്നിവർ സംസാരിച്ചു. HRJVC ജില്ലാ-മണ്ഡലം നേതാക്കൾക്കൊപ്പം ഡിവിഷൻ കൗൺസിലർ ബുഷ്റ അസീസ്, മുൻ കൗൺസിലർ പി.കെ. അബ്ദുൽ അസീസ് എന്നിവർ പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾ നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി. സെക്രട്ടറി നുസൈബ കൊളത്തുമാട്ടിൽ സ്വാഗതവും കെ.ടി. ആയിഷ നന്ദിയും പറഞ്ഞു.