മലപ്പുറം: ജില്ലയിൽ ഡെങ്കിപ്പനിയും വൈറൽ പനിയും ശക്തമാകുന്നതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ. ഒരു ആഴ്ചയ്ക്കിടെ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 85 പേർ ചികിത്സ തേടിയതിൽ 13 പേർക്ക് രോഗം സ്ഥിരീകരിച്ചു. എ.ആർ. നഗർ, പുറത്തൂർ, തൃക്കലങ്ങോട്, മങ്കട, കാവന്നൂർ, ചേലേമ്പ്ര, പരപ്പനങ്ങാടി, വെട്ടക്കോട്, കരുവാരക്കുണ്ട്, മുതുവല്ലൂർ, കാളികാവ് എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. കൂടാതെ ഏഴ് ദിവസത്തിനിടെ 10,010 പേരാണ് വൈറൽ പനി ബാധിച്ച് ഒ.പിയിൽ ചികിത്സ തേടിയത്.
മഴയും വെയിലും ഇടകലർന്ന കാലാവസ്ഥ കൊതുകുപെരുകാൻ ഇടയാക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. വീടുകളിലും പരിസരങ്ങളിലും ചിരട്ട, ടയർ, പാത്രങ്ങൾ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കി ഉറവിട നശീകരണം നടത്തണമെന്നും വെള്ളം സംഭരിക്കുന്ന പാത്രങ്ങൾ അടച്ചുസൂക്ഷിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
പനി, കടുത്ത തലവേദന, ശരീരവേദന തുടങ്ങിയവ കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കി ഡോക്ടറെ കാണണം. വയറുവേദന, തുടർച്ചയായ ഛർദ്ദി, രക്തസ്രാവം, കടുത്ത ക്ഷീണം തുടങ്ങിയ ഗുരുതര ലക്ഷണങ്ങൾ കണ്ടാൽ അടിയന്തര ചികിത്സ ഉറപ്പാക്കണം. കൊതുകുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പരിസര ശുചിത്വം പാലിക്കണമെന്നും ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു.