മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ പാലത്തിങ്ങൽ പാലത്തിലെ തെരുവുവിളക്കുകൾ തെളിഞ്ഞു

പരപ്പനങ്ങാടി: തിരൂരങ്ങാടി–പരപ്പനങ്ങാടി നഗരസഭകളെ ബന്ധിപ്പിക്കുന്ന നാടുകാണി സംസ്ഥാന പാതയിലെ പാലത്തിങ്ങൽ പാലത്തിൽ മാസങ്ങളായി പ്രവർത്തനരഹിതമായിരുന്ന തെരുവുവിളക്കുകൾ ഒടുവിൽ തെളിഞ്ഞു. വെളിച്ചമില്ലാത്തത് വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും വലിയ സുരക്ഷാഭീഷണി ഉയർത്തുന്നുവെന്ന നിരന്തര പരാതികൾക്കും ഇടപെടലുകൾക്കുമൊടുവിലാണ് നഗരസഭ അടിയന്തര നടപടി സ്വീകരിച്ചത്.

ഊരാളുങ്കൽ സൊസൈറ്റിയുടെ പരിപാലന കാലാവധി അവസാനിച്ചതിനെ തുടർന്ന് പാലത്തിലെ വിളക്കുകളുടെ അറ്റകുറ്റപ്പണി ചുമതല പരപ്പനങ്ങാടി നഗരസഭയ്ക്ക് കൈമാറിയിരുന്നു. എന്നാൽ, ചുമതലയേറ്റിട്ടും മാസങ്ങളോളം വിളക്കുകൾ തെളിക്കാൻ നടപടിയുണ്ടാകാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനും മലപ്പുറം ജില്ലാ വാഹനാപകട നിവാരണ സമിതി ജനറൽ സെക്രട്ടറിയുമായ അബ്ദുൽ റഹീം പൂക്കത്ത് നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. മാസങ്ങളായി കൂരിരുട്ടിലായിരുന്ന പാലത്തിൽ വെളിച്ചമെത്തിയത് യാത്രക്കാർക്കും പ്രദേശവാസികൾക്കും വലിയ ആശ്വാസമായിട്ടുണ്ട്.

പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ഇത്തരം പരാതികളിൽ സമയബന്ധിതമായി നടപടി സ്വീകരിക്കാൻ നഗരസഭ തയ്യാറാകണമെന്നും, തെരുവുവിളക്കുകളുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കാൻ സംവിധാനം വേണമെന്നും പരാതിക്കാരായ അബ്ദുൽ റഹീം പൂക്കത്ത്, പി.പി. സുബൈർ എന്നിവർ ആവശ്യപ്പെട്ടു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}