വിദ്യാർഥിനികൾക്ക് സൗജന്യ കളരിപ്പയറ്റ് പരിശീലനം ആരംഭിച്ചു

 
മലപ്പുറം: കളരി അടവുകളിൽ ആശാനായ മമ്മുദു ഗുരിക്കൾ പറയുന്നത് കുട്ടികൾ കേട്ടിരുന്നു. അഭ്യാസമുറകളുടെ ചെറുവിവരണം അറിഞ്ഞശേഷം എല്ലാവരും മുഷ്ടി ചുരുട്ടി പറഞ്ഞു. കളരി പഠിച്ചിട്ടുതന്നെ കാര്യം. മേൽമുറി എം.എം.ഇ.ടി. ഹൈസ്കൂളിലെ വിദ്യാർഥിനികൾ കളരിപ്പയറ്റ് പരിശീലനം തുടങ്ങുന്നതിനുമുൻപുള്ള രംഗമാണിത്. 

മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥിനികൾക്ക് കളരിപ്പയറ്റ് പരിശീലനം നൽകുന്നതിന്റെ ഉദ്ഘാടനമാണ് എം.എം.ഇ.ടി.യിൽ നടന്നത്.

വിദ്യാർഥിനികളുടെ ശാരീരികവും മാനസികവുമായ വളർച്ച ഉറപ്പുവരുത്തി ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. 2022-23 വാർഷിക പദ്ധതിയിൽ കളരി പരിശീലനത്തിനായി മൂന്നുലക്ഷം നീക്കിവെച്ചിട്ടുണ്ട്.

മേൽമുറി എം.എം.ഇ.ടി. ഹൈസ്കൂൾ, മലപ്പുറം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, മലപ്പുറം എം.എസ്.പി. ഹയർസെക്കൻഡറി എന്നിവടങ്ങിലാണ് പരിശീലനക്കളരി. തൊട്ടടുത്ത സ്കൂളുകളിലെ വിദ്യാർഥിനികൾക്കും കളരി പരിശീലനത്തിനുചേരാം. അവധി ദിവസങ്ങളിലായിരിക്കും പരിശീലനം. മേൽമുറി എ.പി.എം. കളരിസംഘമാണ് പരിശീലനത്തിന്‌ നേതൃത്വം നൽകുക.

നഗരസഭാധ്യക്ഷൻ മുജീബ് കാടേരി ഉദ്ഘാടനം നിർവഹിച്ചു. സ്ഥിരം സമിതിയധ്യക്ഷൻ പി.കെ. അബ്ദുൽഹക്കീം അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതിയധ്യക്ഷരായ പി.കെ. സക്കീർ ഹുസൈൻ, സിദ്ദീഖ് നൂറേങ്ങൽ, മറിയുമ്മ ശരീഫ് കോണോതൊടി, കൗൺസിലർമാരായ സി. സുരേഷ്, സജീർ കളപ്പാടൻ, എം. കദീജ, നാണത്ത് സമീറ മുസ്തഫ, പ്രഥമാധ്യാപകൻ ഉസ്മാൻ മേനോട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}