വേങ്ങര: വേനൽ ചൂടിലും വാടാതെ പെരുന്നാൾ വിപണി. ചുട്ടുപൊള്ളുന്ന പകലാണെങ്കിലും വിപണിയിൽ തിരക്കിന് കുറവില്ല. ഈസ്റ്ററും വിഷുവും പെരുന്നാളും ഒന്നിച്ചുവന്നത് കച്ചവടത്തിൽ നല്ല ഉണർവുണ്ടാക്കിയതായി വ്യാപാരികൾ പറയുന്നു. രാവിലെ ഒമ്പതരയോടെ സജീവമാകുന്ന വേങ്ങര ടൗൺ രാത്രി 11 മണിവരെ തിരക്കാണ്. മാളുകളിലും മറ്റു വ്യാപാരത്തെരുവുകളിലും രാവേറെ വൈകിയും ആളുകളെത്തുന്നു.
തെരുവു കച്ചവടവും തകൃതി. പതിവുപോലെ വസ്ത്രവിപണിയിലാണ് തരംഗം. ന്യൂജെൻ കടകളിലാണ് രാപകൽ ‘ആഘോഷം’. പെൺകുട്ടികൾക്ക് ജീൻസും ക്രോപ് ടോപ്പുമാണ് ഇത്തവണയും ട്രെൻഡ്. ടോപ്പിലും ജീൻസിലും വ്യത്യസ്തതകളുണ്ടെങ്കിലും ചെറിയ ബജറ്റിൽ എല്ലാം ലഭ്യമാണ്.
ആൺകുട്ടികൾക്ക് പ്രത്യേകിച്ച് ട്രെൻഡ് ഒന്നുമില്ല. പ്രത്യേക അറേബ്യൻ പർദകളിലും ഫ്ലയർ പർദകളിലുമാണ് കൂടുതൽ ആൾക്കാരും കണ്ണുവയ്ക്കുന്നത്.
കുഞ്ഞുടുപ്പുകളും കുഞ്ഞു ദാവണികളും ഉള്‍പ്പെടെ വിവിധ വർണങ്ങളിൽ കൗതുകമാർന്ന ശേഖരമാണ് പെൺകുട്ടികൾക്കായി ഉള്ളത്. ലഹങ്ക, ചോളി, സാരി ചോളി, ലാച്ച തുടങ്ങി മുതിർന്നവരുടെ എല്ലാ മോഡലുകളും കുട്ടികൾക്കായി എത്തിയിട്ടുണ്ട്. അവ ധാരാളം വിറ്റഴിയുന്നുമുണ്ട്.
കളർഫുൾ ആയി കഴിഞ്ഞ വർഷം പെരുന്നാൾ ആഘോഷിച്ച ആൺകുട്ടികൾക്ക്, ഇത്തവണ കളറുകളോടുള്ള പ്രിയം ഇല്ലാതായിട്ടുണ്ട്.
പതിവുപോലെ
ജീൻസും ഷർട്ടും ടീഷർട്ടും തന്നെയാണ് ഇത്തവണയും. വിഷുവിന് മുണ്ടുടുക്കൽ യുവാക്കൾക്കിടയിൽ ഹരമായിട്ടുണ്ട്. മുണ്ട് വിപണിയിൽ വിഷുവിന് പ്രത്യേക ഉണർവുണ്ട്. രാത്രിയാവുന്നതോടെ പെരുന്നാൾക്കച്ചവടത്തിന്റെ തിരക്കാണ്. നോമ്പുതുറന്ന ശേഷം കുടുംബസമേതം ആളുകൾ ടൗണിലേക്കിറങ്ങുകയാണ്.