പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്ന് അർജന്‍റൈൻ ഇതിഹാസ താരം ലയണൽ മെസ്സി. യൂറോപ്യൻ ക്ലബ് ഫുട്ബാളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡ് ഇനി മെസ്സിക്ക് സ്വന്തം.
ശനിയാഴ്ച രാത്രി ഫ്രഞ്ച് ലീഗ് വണ്ണിൽ നീസിനെതിരെ പി.എസ്.ജിക്കായി 26ാം മിനിറ്റിൽ വല കുലുക്കിയതോടെ യൂറോപ്യൻ ക്ലബ് ഫുട്ബാളിൽ വിവിധ ടീമുകൾക്കായി മെസ്സിയുടെ ഗോൾ നേട്ടം 702 ആയി. ക്രിസ്റ്റ്യാനോയുടെ പേരിൽ 701 ഗോളുകളാണുള്ളത്. പോർചുഗീസ് താരത്തേക്കൾ 105 മത്സരങ്ങൾ കുറവ് കളിച്ചാണ് മെസ്സി ചരിത്ര നേട്ടത്തിലെത്തിയത്.
ഫിഫ റാങ്കിങ്ങിൽ ബ്രസിലീനെ പിന്നിലാക്കി ആറു വർഷത്തിനുശേഷം ഒന്നാം സ്ഥാനത്തെത്തിയതിനു പിന്നാലെയാണ് മെസ്സി അപൂർവ നേട്ടം സ്വന്തമാക്കുന്നത്. ഖത്തർ ലോകകപ്പ് വിജയവും തുടർന്നുള്ള സൗഹൃദ മത്സരങ്ങളിലെ ജയവുമാണ് അർജന്‍റീനയെ ലോക ഒന്നാം നമ്പറാക്കിയത്. യൂറോപ്യൻ ക്ലബ് ഫുട്ബാളിൽ മെസ്സിയുടെ ഗോൾ സംഭാവന ആയിരത്തിലെത്തുകയും ചെയ്തു. 702 ഗോളുകൾക്കു പുറമെ, 298 അസിസ്റ്റുകളും താരത്തിന്‍റെ പേരിലുണ്ട്. സീസണിൽ വിവിധ ചാമ്പ്യൻഷിപ്പുകളിൽ പി.എസ്.ജിക്കായി 34 മത്സരങ്ങളിൽനിന്ന് മെസ്സി 19 ഗോൾ നേടുകയും 18 ഗോളിന് വഴിയൊരുക്കുകയു ചെയ്തിട്ടുണ്ട്.