വേങ്ങര: പ്രവാസകാലത്ത് സ്വരുക്കൂട്ടിയ സമ്പാദ്യം ഉപയോഗിച്ച് പടുത്തുയർത്തിയ സ്വന്തം വീട്ടിൽ ഒരുദിനം പോലും താമസിക്കാൻ കഴിഞ്ഞില്ലെങ്കിലും അന്ത്യയാത്രക്കായി റിജേഷിന്റെയും ജിഷിയുടെയും ചേതനയറ്റ ശരീരങ്ങൾ വീടണഞ്ഞു. തിങ്കളാഴ്ച രാവിലെ 8 മണിയോടെ കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി 11 മണിയോടെ കണ്ണമംഗലം ചേറൂർ ചണ്ണയിലെ പുതു ഗൃഹത്തിലെത്തിക്കുകയായിരുന്നു.
11 വർഷമായി വിദേശത്തു ജോലി നോക്കുന്ന കാളങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) ദമ്പതികൾ സ്വന്തം വീട്ടിൽ താമസിക്കാനുള്ള സ്വപ്നം ബാക്കിയാക്കിയാണ് കഴിഞ്ഞ ദിവസം ദുബായിലെ താമസ സ്ഥലത്ത് ഫ്‌ളാറ്റിന് തീപിടിച്ച് ദാരുണമായി മരിച്ചത്. മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ തറവാട് വീട്ടിലെ കുടുംബശ്മശാനത്തിൽ 12 മണിയോടെ മറവു ചെയ്തു.
വിഷുവിനു ഗൃഹപ്രവേശം നടത്താനൊരുങ്ങിയ വീട്ടിൽ കോടി പുതച്ചു കിടക്കുന്ന ദമ്പതികളെ കണ്ട ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിതുമ്പലുകളടക്കാനായില്ല. മൃതദേഹങ്ങൾ വീട്ടിലെത്തിയതോടെ നൂറു കണക്കിന് ആളുകൾ അന്തിമോപചാരമർപ്പിക്കാനെത്തി.
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ബന്ധുവിൻറെ വിവാഹത്തിനായി ഇവർ അവസാനം നാട്ടിലെത്തിയത്. വിവാഹാഘോഷം കഴിഞ്ഞു ജോലി സ്ഥലത്തേക്കു മടങ്ങി പോവുകയും ചെയ്തു. ദുരന്തസമയത്ത് രണ്ടുപേരും ഉറക്കത്തിലായിരുന്നു എന്നാണ് പറയുന്നത്. വിഷു ആയതിനാൽ റിജേഷ് ഓഫിസിൽ പോയിരുന്നില്ല. ശനിയാഴ്ചയായതിനാൽ ജിഷിയുടെ സ്കൂളും അവധിയായിരുന്നു.
ദുബൈയിൽ പ്രവാസികളും റിജേഷിന്റെ പിതൃസഹോദര പുത്രന്മാരുമായ വിപിൻ, വിബീഷ്, സനോജ് എന്നിവരും മൃതദേഹത്തെ അനുഗമിച്ചു നാട്ടിലെത്തിയിട്ടുണ്ട്.
റിജേഷ് ജോലി ചെയ്യുന്ന ദേരയിലെ ഡ്രീംലൈൻ ട്രാവൽസിലെ ജീവനക്കാർക്കും അടുത്തുള്ള സ്ഥാപനങ്ങളിലുള്ളവർക്കും റിജേഷിനെക്കുറിച്ച് പറയാൻ നല്ല വർത്തമാനങ്ങൾ മാത്രമാണ്. ദുബൈ ക്രസന്റ് സ്കൂളിലെ അധ്യാപികയായിരുന്ന ജിഷി കഴിഞ്ഞ മാസമാണ് വുഡ്ലം പാർക്ക് സ്കൂളിലേക്ക് മാറിയത്. വിദ്യാർഥികളുടെയും സ്കൂൾ ജീവനക്കാരുടെയും പ്രിയപ്പെട്ട ടീച്ചറായിരുന്നു. അഞ്ച് വർഷത്തോളം ക്രസന്റ് സ്കൂളിലായിരുന്നു. ഇംഗ്ലീഷ് അധ്യാപികയായിരുന്നു ജിഷി പ്രൈമറി കുട്ടികൾക്കായിരുന്നു ക്ലാസെടുത്തിരുന്നത്.