മമ്പുറം: നൂറ്റാണ്ടുകളുടെ പഴക്കത്താൽ പ്രസിദ്ധമായ കുന്നംകുലം ശ്രീകുറുംമ്പ ഭഗവതി (ഭദ്രകാളി) ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം ആവേൻ കുന്നംകുലത്ത് മോഹനൻ കൊടിയേറ്റ് നടത്തിയതോടെ മമ്പുറം ദേശവാസികൾക്ക് ഒരാഴ്ച കാലം ഉത്സവാഘോഷത്തിന്റെ ദിനങ്ങളാണ്.
2023 ഏപ്രിൽ 25 ന് (1198 മേടം 11) ചൊവ്വാഴ്ചയാണ് താലപ്പൊലി മഹോത്സവം. ക്ഷേത്രം തന്ത്രി ചിറമംഗലം മനയ്ക്കൽ നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ അതിവിപുലമായി ആഘോഷിക്കുന്ന താലപ്പൊലി മഹോത്സവം രാവിലെ 6 മണിക്ക് കാവുണർത്തൽ ചടങ്ങോടു കൂടി ആരംഭിക്കും. തുടർന്ന് ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിലുള്ള ഗണപതി ഹോമം, വിശേഷാൽ പൂജകളും വഴിപാടുകളും, ചെണ്ടമേളങ്ങളും നടത്തപ്പെടും ഉച്ചയ്ക്കും രാത്രിയും ക്ഷേത്രത്തിൽ ഉത്സവത്തിനു വരുന്ന മുഴുവൻ ഭക്തജനങ്ങൾക്കും അന്നദാനം നടത്തി വരുന്നു. ജാതി മത ഭേദമന്യേ നാട്ടുകാരും ഭക്തജനങ്ങളും അന്നദാനത്തിലും ഉത്സവാഘോഷത്തിലും പങ്കുചേരുന്നത് ഉത്സവത്തിന് മാറ്റുകൂട്ടും.
ക്ഷേത്ര അവകാശികളായ നെച്ചിക്കാട്ട് അപ്പുകുട്ടൻ, കല്ലിടുമ്പിൽ ബാലൻ, കൈത്തോട്ടിൽ ശിവൻ, പനച്ചിക്കൽ രാധാകൃഷ്ണൻ തുടങ്ങിയവരുടെയും ദേശ കാരണവൻമാരുടെയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെയും സാന്നിധ്യത്തിലാണ് കൊടിയേറ്റ് നടത്തിയത്. ആശ്രയിക്കുന്നവർക്കെന്നും അഭയവരദായിനിയും മനമുരുകി പ്രാർത്ഥിക്കുന്നവർക്ക് ആനന്ദ പ്രദായിനിയുമാണ് കുന്നംകുലത്തമ്മ. ആയുരാരോഗ്യത്തിനും, സന്താന സൗഭാഗ്യങ്ങൾക്കും, മറ്റും ഇവിടെ നടത്തപ്പെടുന്ന പല വഴിപാടുകൾക്കും ഏറെ ഫലപ്രാപ്തിയുണ്ട് എന്നത് പലരുടെയും അനുഭവസാക്ഷ്യമാണ്.
തെക്ക് ഭാഗത്തായുള്ള കാവിൽ അടുത്തിടെ സ്ഥാപിച്ച നാഗദൈവങ്ങളുടെ ചിത്രകൂടക്കല്ലുകളും വടക്കുഭാഗത്തായുള്ള കരിങ്കുട്ടിയുടെ പ്രതിഷ്ഠയും ഈ ക്ഷേത്രത്തിന്റെ ചൈതന്യം വർദ്ധിപ്പിക്കുന്നു എന്ന് ക്ഷേത്ര ആവേൻ കുന്നംകുലത്ത് മോഹനൻ പറഞ്ഞു.
പ്രാർത്ഥനയോടെ ഓരോ ഭക്തരും വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ഈ ദേവിയുടെ കരുണാകടാക്ഷം കൊണ്ടാണ് നമ്മുടെ പ്രദേശങ്ങളെല്ലാം ചൈതന്യവത്താകുന്നത്. ചില രാത്രികളുടെ അന്ത്യയാമങ്ങളിൽ ചിലമ്പിന്റെ താളങ്ങളും ദേവിയുടെ ഉഗ്രസ്വരൂപവും ദർശിച്ച പലരുടെയും അനുഭവങ്ങൾ ദേശവാസികൾക്ക് ആദരവും ഭയഭക്തി ജനിപ്പിക്കുന്നതുമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
തുലാം മാസത്തിലെ പ്രതിഷ്ഠാദിന-വാർഷികാഘോഷത്തിലും മേടമാസത്തിലെ ക്ഷേത്രോത്സവത്തിലും ഒരിക്കലെങ്കിലും ഈ ക്ഷേത്ര സന്നിധിയിലെത്തി പ്രാർത്ഥനയോടെ ദർശനം നടത്തിയവർക്കും വഴിപാടുകൾ സമർപ്പിച്ചവർക്കും ഫലസിദ്ധിയോടെ ദേവീചൈതന്യം അറിയുവാൻ കഴിഞ്ഞിട്ടുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
തൊട്ടടുത്തുതന്നെയുള്ള ഇളഭഗവതിക്ഷേത്രത്തിലെ പൊങ്കാല സമർപ്പണമായ കലങ്കരിയും കുന്നംകുലത്തമ്മയുടെ താലപ്പൊലിമഹോത്സവവും ജനകീയ ഉത്സവങ്ങളായി വർഷംതോറും നടത്തിവരുന്നു. ക്ഷേത്രാത്സവ ദിനത്തിൽ പഞ്ചാരി - പാണ്ടിമേളങ്ങളുടെ അകമ്പടിയോടെ കലശമേന്തിയുള്ള എഴുന്നള്ളിപ്പിൽ പ്രാർത്ഥനയോടെ വ്രതമെടുത്ത മാളികപ്പുറങ്ങളുടെ മഞ്ഞത്താലപ്പൊലി കഴിഞ്ഞ ഉടനെ ആസ്വാദകരുടെ മനം കവർന്ന് കേരളത്തിലെ പ്രശസ്തരായ BRK ഡിജിറ്റൽ തമ്പോലത്തിന്റെയും നവകലാക്ഷേത്ര കലാസമിതി ചേളാരിയുടെ നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ ശ്രീകുറുംമ്പ മമ്പുറം അണിയിച്ചൊരുക്കുന്ന ഗംഭീര ദേശ വരവ് ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. തുടർന്ന് രാത്രി 10 മണിക്ക് വാദ്യകലാകാരൻ കോട്ടക്കൽ പ്രസാദും സംഘവും അവതരിപ്പിക്കുന്ന തായമ്പക, രാത്രി 11 മണിക്ക് ഫ്ലവേഴ്സ് ടി വി കോമഡി ഉത്സവം ഫെയിം കിഷോർകുമാർ നയിക്കുന്ന ടോൺ ബാൻഡ് കാലിക്കറ്റിന്റെ മ്യൂസ്സിക്കൽ നൈറ്റ് തുടങ്ങിയവയും ഉത്സവത്തിന് മാറ്റുകൂട്ടും. അമ്മയുടെ അനുഗ്രഹം കൊണ്ട് ക്ഷേത്രത്തിലെ ഓരോ ചടങ്ങുകളും പ്രവർത്തനങ്ങളും ഭംഗിയോടെ പൂർത്തീകരിക്കുവാൻ സാധിച്ചിട്ടുണ്ട്.നാളിതുവരെ സഹകരിച്ച ഭക്തജനങ്ങൾക്കും നാട്ടുകാർക്കും നന്ദി രേഖപ്പെടുത്തുന്നു. തുടർന്നും സഹകരിക്കുവാനുള്ള സന്മനസും ആയുരാരോഗ്യവും ദേവി പ്രദാനം ചെയ്യട്ടെ എന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.