വേങ്ങര: സ്വയംതൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി വനിതകളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം സബ്സിഡി നൽകുന്ന പദ്ധതിക്കാണ് വേങ്ങര ബ്ലോക്ക് പഞ്ചായത്തിൽ തുടക്കം കുറിച്ചത്. ജനറൽ വിഭാഗത്തിൽ 14 ലക്ഷം രൂപയും എസ് സി വിഭാഗത്തിൽ 21 ലക്ഷം രൂപയും ഉൾപ്പെടെ 35 ലക്ഷം രൂപയാണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പേപ്പർ ബാഗ് യൂണിറ്റ്, വനിത ഹോട്ടൽ, ഭക്ഷ്യ സംസ്കരണ യൂണിറ്റ് ,ഡ്രൈ ഫ്രൂട്ട്സ് യൂണിറ്റ്, ബാഗ് യൂണിറ്റ് എന്നിവ ഇതിന്റെ ഭാഗമായി ആരംഭിക്കുന്നുണ്ട്.
സ്കൂൾ കുട്ടികൾക്കും അതി ദരിദ്രർക്കും മറ്റും മാവേലി സ്റ്റോറുകൾ മുഖേനയും നൽകുന്ന ഭക്ഷ്യ കിറ്റുകൾ, ബാഗുകൾ,ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള യൂണിഫോം, കോട്ട് എന്നിവ യൂണിറ്റുകളിലെ വനിതകൾ തയ്യാറാക്കി നൽകും.
പദ്ധതിയിൽ ഉൾപ്പെടുത്തി ഊരകം പഞ്ചായത്തിൽ ആരംഭിച്ച ബാഗ് യൂണിറ്റിന്റെയും സ്റ്റിച്ചിംഗ് യൂണിറ്റിന്റെയും ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മണ്ണിൽ ബെൻസീറ ടീച്ചർ നിർവഹിച്ചു.
വൈസ് പ്രസിഡൻറ് പുളിക്കൽ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബി.ഡി.ഒ. ഉണ്ണികൃഷ്ണൻ ഇ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സമീറ കരിമ്പൻ, ഹന്നത്ത് മൻസൂർ,
സി ഡി എസ് ചെയർപേഴ്സൻ സജിന കെ സി എന്നിവർ സംസാരിച്ചു. വ്യവസായ വികസന ഓഫീസർ സിത്താര ,
സംരംഭകരായ ബിന്ദു, ബീന തുടങ്ങിയവർ സംസാരിച്ചു.