കണ്ണമംഗലം: പേവിഷബാധയേറ്റ പശുവിനെ മൃഗ സംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ ദയാവധത്തിനു വിധേയമാക്കി. കണ്ണമംഗലം തോട്ടശ്ശേരിയറയിലെ ക്ഷീരകർഷകൻ കണ്ണേങ്ങാട്ട് പുത്തലത്ത് കുഞ്ഞാലൻകുട്ടി ഹാജിയുടെ പശുവിനാണ് പേവിഷബാധയേറ്റത്. പശു തീറ്റയെടുക്കാത്തതിനാൽ ദഹനക്കേടിനുള്ള ചികിത്സക്കാണ് കുന്നുംപുറം ഏ ആർ നഗർ മൃഗാശുപത്രിയെ സമീപിച്ചത്. മരുന്നു നൽകിയെങ്കിലും അസുഖം ഭേദമാകാത്തതിനാൽ വേങ്ങര ബ്ലോക്ക് മൃഗാശുപത്രി സർജനെ സമീപിക്കുകയായിരുന്നു. പ്രത്യേക ശബ്ദം പുറപ്പെടുവിക്കുക, വായിലൂടെ ഊതുക തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടതോടെ ഇത് പേവിഷബാധയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
വീട്ടുകാരോട് ആവശ്യമായ മുൻകരുതൽ എടുക്കാൻ അധികൃതർ നിർദ്ദേശിച്ചിരുന്നു. അതിനിടെ പശു കഴിഞ്ഞ ദിവസം രാത്രി കയറു പൊട്ടിച്ച് രക്ഷപ്പെട്ടു. വിവരം ട്രോമോ കെയർ പ്രവർത്തകരെ അറിയിച്ചതിനെ തുടർന്ന് അവരെത്തി പശുവിനെ പിടിച്ചുകെട്ടി.
വേങ്ങര ബ്ലോക്ക് വെറ്റിറ്റിനറി സർജൻ ഡോ.കെ പി സുധീഷാ മോൾ ,തിരൂരങ്ങാടി ബ്ലോക്ക് വെറ്റിറിനറി സർജൻ ഡോ. മെൽവിൻ എന്നിവർ സ്ഥലത്തെത്തി പശുവിനെ ദയാവധത്തിന് വിധേയമാക്കി. തുടർന്ന് പ്രത്യേകം കുഴി തയ്യാറാക്കി പശുവിനെ കുഴിച്ചുമൂടി.
ഇല്യാസ് പുള്ളാട്ട്, കെ ഷാജി, ഷൈജു, എൻ ഇബ്രാഹിം, പി മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് പശുവിനെ പിടിച്ചുകെട്ടിയതും കുഴിച്ചുമൂടിയതും.
പശുവിന് എവിടെ നിന്നാണ് പേവിഷബാധ ഏറ്റതെന്ന് സ്ഥിരികരിക്കപ്പെട്ടിട്ടില്ല.
അതേ സമയം കണ്ണമംഗലം വട്ടപ്പൊന്തയിൽ ചത്ത തെരുവുനായയെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. മറ്റൊരു നായയും ഒരു പൂച്ചയും പേവിഷബാധ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതായും നാട്ടുകാർ പറയുന്നു.
ഇതോടെ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് മുൻകൈ എടുത്ത് വ്യാഴാഴ്ച അടിയന്തിര യോഗം വിളിച്ചുകൂട്ടി.
പ്രസിഡണ്ട് യു എം ഹംസയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ ,മറ്റു ജനപ്രതിനിധികൾ, ക്ഷീരകർഷകർ, ട്രോമോ കെയർ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.സംശയിക്കപ്പെടുന്ന മൃഗങ്ങളുമായി സമ്പർക്കം പുലർത്തുകയോ, പാൽ ഉപയോഗിക്കുകയോ ചെയ്തവർ അടിയന്തിരമായി വാക്സിൻ എടുക്കണമെന്ന് ജനങ്ങളോടഭ്യർത്ഥിച്ചു.നായ പിടുത്തത്തിൽ പരിശീലനം നേടിയവർക്ക് ഉപകരണങ്ങൾ വാങ്ങി നൽകാനും യോഗത്തിൽ തീരുമാനമായി.