വേങ്ങര: വീട്ടില്‍ സുരക്ഷിതമായി നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തെരുവ് നായകള്‍ അക്രമിച്ച് കേടാക്കി. അക്രമത്തെ തുടര്‍ന്ന് സ്‌കൂട്ടറിന്റെ സീറ്റ് ഭാഗികമായി തകര്‍ന്നു. സ്‌കൂട്ടര്‍ മൂടിയ കവര്‍ ഉള്‍പ്പടെയാണ് തെരുവ് നായകള്‍ കടിച്ചുകീറിയത്. വേങ്ങര കച്ചേരിപ്പടിയിലെ സ്വകാര്യ വ്യക്തിയുടെ വാഹനമാണ് അക്രമത്തിനിരയായത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ജോലിക്കുപോയി തിരികെ വീട്ടിലെത്തി സുരക്ഷിതമായി മൂടിയിട്ടതായിരുന്നു സ്‌കൂട്ടര്‍. മഴക്കാലമായതോടെ വെള്ളം തട്ടാതിരിക്കാന്‍ ഷീറ്റിന് താഴെയായിരുന്നു വാഹനം. എന്നാല്‍ രാവിലെ കണ്ട കാഴ്ച വീട്ടുകാരെ ഞെട്ടിച്ചു. സ്‌കൂട്ടറിന്റെ കവറും സീറ്റും ഉള്‍പ്പടെ നായകള്‍ കടിച്ച് വലിച്ച് പുറത്തിട്ടിരുന്നു.
കഴിഞ്ഞദിവസം മുവ്വായിരത്തിലധികം രൂപയ്ക്ക് സര്‍വ്വീസ് ചെയ്തതായിരുന്നു ഈ വാഹനം. കേടായ സീറ്റ് മാറാന്‍ രണ്ടായിരം രൂപയോളം ചിലവ്
വരുമെന്ന് മലപ്പുറം യൂണിറൈഡ് ഹോണ്ട ജീവനക്കാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് തെരുവ് നായകള്‍ പൂച്ചയെ കൊന്ന് കടിച്ച് കീറിയിരുന്നു.
വേങ്ങര ചാത്തൻ കുളം പാടത്ത് സ്‌കൂളിന് സമീപവും തെരുവ് നായ ശല്യം രൂക്ഷമാണ്. ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍ ഇതൊന്നും കാണാതെ അവഗണന തുടരുന്നത് നാടിന് ആപത്ത് വരുത്തുമെന്നത് തീര്‍ച്ചയാണ്.