ബഹിരാകാശത്ത് നട്ടുവളര്‍ത്തിയ പൂവിന്റെ ചിത്രം പുറത്തുവിട്ട് നാസ. ഇൻസ്റ്റഗ്രാമിലാണ് നാസ ചിത്രം പങ്കുവെച്ചത്.
ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ വെജ്ജി സൗകര്യത്തിന്റെ ഭാഗമായി വളര്‍ത്തിയ സിന്നിയ ചെടിയുടെ ഫോട്ടോയാണ് നാസ പുറത്തുവിട്ടത്. സിന്നിയ പൂവിന് ഓറഞ്ച് ദളങ്ങള്‍ ആണുള്ളത്. ഇലകളും ഫോട്ടോയില്‍ കാണാം. ഔട്ട് ഓഫ് ഫോക്കസില്‍ ഭൂമിയും ബഹിരാകാശത്തിന്റെ കറുപ്പും ചിത്രത്തില്‍ കാണിക്കുന്നു.
1970-കള്‍ മുതല്‍ ശാസ്ത്രജ്ഞര്‍ ബഹിരാകാശത്ത് സസ്യങ്ങള്‍ വളര്‍ത്തുന്നതിനെക്കുറിച്ച് പഠനം നടത്തുന്നുണ്ട്. 2015-ല്‍ നാസയുടെ ബഹിരാകാശയാത്രികൻ കെജെല്‍ ലിൻഡ്ഗ്രെൻ ഐഎസ്‌എസില്‍ വെജ്ജി സിസ്റ്റം പരീക്ഷിക്കാൻ തുടങ്ങിയത്. 'അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ വെജ്ജി സൗകര്യത്തിന്റെ ഭാഗമായാണ് സിന്നിയയെ ഭ്രമണപഥത്തില്‍ വളര്‍ത്തിയത്. ഈ പ്രത്യേക പരീക്ഷണം 2015-ല്‍ ISS-ല്‍ നാസ ബഹിരാകാശ സഞ്ചാരി കെജെല്‍ ലിൻഡ്ഗ്രെൻ ആരംഭിച്ചതാണ്' നാസ കുറിക്കുന്നു.
നാസയുടെ ബഹിരാകാശയാത്രികര്‍ ഐഎസ്‌എസില്‍ ചീരയും തക്കാളിയും മുളകുചെടിയും മറ്റു പച്ചക്കറികളും നട്ടുവളര്‍ത്തിയിട്ടുണ്ട്. ഇനിയും ധാരാളം ചെടികള്‍ വരാനുണ്ട്.