വേങ്ങര: വേങ്ങര നിയോജകമണ്ഡലത്തിലെ പ്രധാന റോഡുകളിലൊന്നായ അച്ചനമ്പലം കൂരിയാട് റോഡ് റബ്ബറൈസ് ചെയ്യുന്നതിന് ഒൻപത് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ.യുടെ ഓഫീസിൽനിന്ന് അറിയിച്ചു.
നേരത്തേ ഈ റോഡിന് ഭരണാനുമതിക്കായി അടങ്കൽ സമർപ്പിച്ചിരുന്നെങ്കിലും ഫണ്ടിന്റെ അഭാവംകാരണം നീണ്ടു പോവുകയായിരുന്നു. പ്രസ്തുത റോഡിന് 2023-24 ബജറ്റിൽ എം.എൽ.എ.യുടെ നിർദ്ദേശപ്രകാരം ഇരുപത് ശതമാനം തുക വകയിരുത്തിയിരുന്നു. അതുപ്രകാരം എക്സിക്യുട്ടീവ് എൻജിനീയർ സർക്കാരിലേക്ക് സമർപ്പിച്ച ഒൻപത് കോടിയുടെ പുതിയ അടങ്കലിനാണ് ഭരണാനുമതി ലഭ്യമായത്.
ടെൻഡർ നടപടികൾ വേഗത്തിലാക്കി പ്രവൃത്തി ആരംഭിക്കാൻ എക്സിക്യുട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റബ്ബറൈസ് ചെയ്യുന്നതോടെ പ്രളയത്തിൽ താറുമാറായ ഈ സുപ്രധാന റോഡ് പൂർണമായും ഗതാഗതയോഗ്യമാകും.