സ്‌നേഹരുചി: ഈ കുട്ടികൾ അറിയുന്നു അമ്മട്ടീച്ചറുടെ സ്‌നേഹം

കോട്ടയ്ക്കൽ: ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാതെയിരിക്കുന്നവരാണ് ചെറിയ ക്ലാസുകളിലെ പല കുട്ടികളും. അവരെ നിർബന്ധിച്ച് കഴിപ്പിക്കാൻ അമ്മമാർ അടുത്തില്ലാതുതന്നെയാകും പ്രശ്‌നം. എന്നാൽ അത്തരം കുട്ടികളെ കണ്ടെത്തി അവരെ സ്‌നേഹത്തോടെ ഊട്ടുന്ന കാര്യത്തിൽ ദീപട്ടീച്ചർക്കുള്ള മിടുക്ക് ഒന്നുവേറെത്തന്നെ.

മരവട്ടം എം.കെ.എച്ച്.എം. എ.എം.എൽ.പി. സ്‌കൂളിലെ അധ്യാപിക ടി.സി. ദീപയാണ് അറിവിനൊപ്പം മാതൃതുല്യമായ സ്‌നേഹവും കുട്ടികൾക്കുനൽകുന്നത്.

ഉണ്ണാൻ മടിച്ചിരിക്കുന്ന കുട്ടികളെ സ്‌നേഹത്തോടെ അടുത്തിരുത്തിയും കുഴച്ചു വായിലേക്കിട്ടുകൊടുത്തും കഥപറഞ്ഞുകൊടുത്തുമൊക്കെ ഊട്ടുന്ന കാഴ്‌ച കാണേണ്ടതുതന്നെ. സ്‌കൂളിലെ പ്രീ പ്രൈമറി, ഒന്നാംക്ലാസ് വിദ്യാർഥികൾക്കെല്ലാം ഏറെ പ്രിയപ്പെട്ട ടീച്ചറാണ് ദീപ.

കുറ്റ്യാടി സ്വദേശിയായ ദീപ സ്‌കൂളിലെത്തിയിട്ട് 22 വർഷമായി. കുഞ്ഞുങ്ങളുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് പെരുമാറാൻ ഇവർക്കു സാധിക്കുന്നതായി സഹ അധ്യാപകരായ വി.പി. അൻഫർ, മുജീബ് മരവട്ടം എന്നിവർ പറഞ്ഞു.

പഠനത്തിൽ പിന്നാക്കംനിൽക്കുന്ന വിദ്യാർഥികളെ കണ്ടെത്താൻ സർക്കാർ 'വിജയസ്‌പർശം' പദ്ധതി തുടങ്ങുന്നതിനു മുൻപുതന്നെ ദീപ സ്വന്തമായി ഒരു പദ്ധതി നടപ്പാക്കിയിരുന്നു. അതിനൊരു പുസ്തകവും തയ്യാറാക്കി. കുട്ടികൾക്ക്‌ എളുപ്പം ഉൾക്കൊള്ളാവുന്ന പുതിയ പഠനരീതികൾ സ്‌കൂളിൽ ആവിഷ്‌കരിക്കുകയും ചെയ്തിരുന്നു. ചിത്രകാരിയും കവിയുമാണ് ദീപ. റിട്ട. അധ്യാപകൻ രമേശ്‌ ഭർത്താവും നിവേദ്, ഗോപിക എന്നിവർ മക്കളുമാണ്‌.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}