കുരുക്കഴിയാതെ വേങ്ങര; ഗതാഗത പരിഷ്കാരങ്ങൾ അവതാളത്തിൽ

വേങ്ങര: പരപ്പനങ്ങാടി-നാടുകാണി പാതയിലെ പ്രധാന അങ്ങാടികളിലൊന്നായ വേങ്ങരയിൽ ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല. പരപ്പനങ്ങാടിയിൽനിന്ന് മലപ്പുറം-മഞ്ചേരി ഭാഗത്തേക്ക് പോകുന്ന പ്രധാന പാതയാണിത്. വാഹനങ്ങൾ ഇവിടെയെത്തിയാൽ കഷ്ടിച്ച് അരക്കിലോമീറ്റർ ദൂരമുള്ള അങ്ങാടി മറികടക്കാൻ ചിലപ്പോൾ അരമണിക്കൂറിലധികം സമയമെടുക്കും. ഇതിനൊരു പ്രധാനകാരണം പ്രധാന കവലകളും രണ്ട് പെട്രോൾപമ്പുകളും രണ്ട് ഹയർസെക്കൻഡറി വിദ്യാലയങ്ങളും വേങ്ങര ബസ്‌സ്റ്റാൻഡും ഈ അരക്കിലോമീറ്ററിനുള്ളിലാണ് എന്നതാണ്.

കവലകളിൽനിന്ന് വലതുവശത്തേക്കു തിരിയേണ്ട വാഹനങ്ങൾ മറുവശത്തുനിന്ന് എതിരേവരുന്ന വാഹനങ്ങളെ വകവെയ്ക്കാതെ റോഡിലേക്കു കയറ്റിനിർത്തുന്നതും കുരുക്കിന് കാരണമാകുന്നു. ഇതിനുപുറമേയാണ് തിരക്കേറിയ അങ്ങാടിയിലൂടെ പോകുന്ന മിനിബസുകൾ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽപ്പോലും നിർത്തി ആളെക്കയറ്റുന്നതും വലിയ ചരക്കുവാഹനങ്ങൾ റോഡരികിൽ നിർത്തി ചരക്കിറക്കുന്നതും ഉണ്ടാക്കുന്ന ബുദ്ധിമുട്ട്. 

കുരുക്ക് പരമാവധി കുറയ്ക്കാനായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ചേർന്ന് ഗതാഗത പരിഷ്‌കരണ സമിതി രൂപവത്കരിച്ചിരുന്നു. അങ്ങാടിയിൽ ചില ഗതാഗതപരിഷ്‌കാരങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുകയും ഒരു പരിധിവരെ വിജയകരമാണെന്ന് കണ്ടെത്തി സ്ഥിരമാക്കുകയും ചെയ്തിരുന്നു
ഇതിനായി വുപാരികളുമായി സഹകരിച്ച് റോഡിനു നടുവിൽ ഡിവൈഡറുകൾ സ്ഥാപിച്ചിരുന്നു. ഗതാഗതം നിയന്ത്രിക്കാൻ സ്ഥിരമായി രണ്ട് ഹോംഗാർഡുകളെയും നിയമിച്ചു. രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയങ്ങളിൽ പോലീസ്, ജനകീയ പോലീസ്, ട്രോമാകെയർ തുടങ്ങിയവരുടെ സേവനവും തേടിയിരുന്നു. ഒരുക്കിയ സംവിധാനത്തിന്റെ പാകപ്പിഴകൾ വിലയിരുത്താൻ മാസത്തിലൊരിക്കൽ കമ്മിറ്റി ചേർന്നിരുന്നു.

ഇപ്പോൾ സംവിധാനം പാടെ തെറ്റിയ നിലയിലാണ്. തിരക്കേറിയ അങ്ങാടിയിൽ സ്ഥാപിച്ചിരുന്ന ഡിവൈഡറുകൾ റോഡിൽനിന്ന് അപ്രത്യക്ഷമായി. ഹോംഗാർഡ് ഒന്നായി കുറഞ്ഞു. ഗതാഗതസംവിധാനം വിലയിരുത്താൻ കമ്മിറ്റി കൂടാറില്ല. അങ്ങാടിയിലെ ഗതാഗതക്കുരുക്കൊഴിവാക്കാൻ ഒരു താത്കാലിക സംവിധാനമെങ്കിലും വേണമെന്നതാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}