വേങ്ങര: കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തിലെ വട്ടപ്പൊന്ത പെരണ്ടക്കൽ റോഡിലൂടെയുള്ള യാത്ര ദുരിതമയം. ഏറെ കാലമായി ഇവിടെ റോഡ് റീ ടാറിങ് നടത്തിയിട്ട്.
വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ പ്രയാസം സൃഷ്ടിക്കുന്നു.
മഴപെയ്താൽ റോഡ് ചളിക്കുളമാവും വെയിലായാൽ പൊടിപാറി റോഡരികിലുള്ള വീട്ടുകാർ പൊറുതിമുട്ടും. പലതവണ നന്നാക്കിയെങ്കിലും പാറമടകളിൽനിന്നും ചരക്കുകയറ്റിപോകുന്ന വലിയ വാഹനങ്ങൾ നിരന്തരം പോകുന്നതിനാൽ പെട്ടെന്ന് റോഡു തകരും.ശക്തമായ രീതിയിൽ അടിത്തറയിട്ട് റോഡ് നിർമിച്ചാലേ ഇതിനൊരു പരിഹാരമാവൂ. നിലവിൽ ഒരുകോടി രൂപ റോഡിന്റെ അറ്റകുറ്റപ്പണിക്കായി ജില്ലാപഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. എന്നാൽ പണിയിതുവരെ ആരംഭിച്ചിട്ടില്ല.
വിദ്യാർഥികളും നാട്ടുകാരുമുൾപ്പെടെ ഒരുപാടുപേർ ദിനംപ്രതിആശ്രയിക്കുന്ന റോഡ് ഉടൻ അറ്റകുറ്റപ്പണികൾ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നതാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.