പറപ്പൂർ: നെൽകൃഷിയുടെ പാഠവുമായി പറപ്പൂർ ഐ യു ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾ പാടത്തിറങ്ങി. മണ്ണറിഞ്ഞ് മനസ്സ് നിറഞ്ഞ് സന്തോഷത്തോടെ കുട്ടികൾ വളരട്ടെ എന്ന ലക്ഷ്യത്തോടെ സ്കൂൾ ഹെഡ്മാസ്റ്ററുടെയും പിടിഎ പ്രസിഡന്റിന്റെയും നേതൃത്വത്തിൽ സ്കൂളിലെ കാർഷിക ക്ലബ്ബ് നടപ്പാക്കുന്ന "ഞാറും ചോറും" പദ്ധതിക്ക് തുടക്കമായി.
സ്കൂൾ കാർഷിക ക്ലബ്ബ് നടപ്പാക്കുന്ന പദ്ധതിയുടെ നാമകരണത്തിന് കുട്ടികൾക്കിടയിൽ മത്സരം ഒരുക്കുകയും ലഭിച്ച നൂറുകണക്കിന് എൻട്രികളിൽ നിന്ന് എട്ടാം തരത്തിലെ ഫാത്തിമ ഷിഫ എന്ന കുട്ടി നൽകിയ "ഞാറും ചോറും" എന്ന പേര് സ്വീകരിക്കുകയും ചെയ്തു.
പരിപാടിയുടെ ഭാഗമായ നടീൽ ഉത്സവം പി ഉബൈദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ കുഴിപ്പുറം ആട്ടീരി പാടത്താണ് കൃഷിയിറക്കുന്നത്. 4 എക്കർ പാടത്ത് കൃഷി ഇറക്കുന്നതിന് പാടശേഖര സമിതിയുടെയും വീരഭദ്രൻ എന്ന കർഷക തൊഴിലാളിയുടെ നേതൃത്വത്തിലുള്ള പ്രദേശത്തെ കർഷകത്തൊഴിലാളികളുടെയും സഹായസഹകരണങ്ങൾ ഈ പദ്ധതിക്കുണ്ട്. ഭിന്നശേഷി കുട്ടികൾ അടക്കം പറപ്പൂർ ഹൈസ്കൂളിലെ 400 ഓളം കുട്ടികൾ നേരിട്ട് ഈ പദ്ധതിയുടെ ഭാഗമാകുന്നുണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കൃഷിയുടെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടുത്താനുംപരിപാടിയുണ്ട്. പാളത്തൊപ്പി വെച്ച് പരമ്പരാഗത വേഷത്തിൽ പാടത്തിറങ്ങി ഞാറ്റുപാട്ടിന്റെ ഈണത്തിലാണ് കുട്ടികളൾ ഞാറ് നട്ടത്. കന്നുകാലികളെ ഉപയോഗിച്ച് നിലമൊരുക്കുന്നതിന്റെ പ്രദർശനം നടീൽ ഉത്സവത്തിന് മാറ്റു കുട്ടി. പഴയകാല ഓർമ്മകൾ ഉണർത്തി കപ്പയും ചമ്മന്തിയും കട്ടൻ ചായയുമാണ് ഭക്ഷണമായി നൽകിയത്.
ഞാററിയാതെ ചോറ് മാത്രം തിന്നാൻ അറിയുന്ന പുതുതലമുറയ്ക്ക് പഴയ കൃഷി രീതികളും ആധുനിക കൃഷി രീതികളും പരിചയപ്പെടുത്തുന്ന ഈ പരിപാടി നവ്യാനുഭവവുമായി.
നെൽകൃഷിക്ക് ആവശ്യമായ വെള്ളവും വളവും നൽകലും കള പറിക്കൽ തുടങ്ങിയ എല്ലാ ഘട്ടങ്ങളിലും സ്കൂൾ കാർഷിക ക്ലബ്ബിന്റെ ശ്രദ്ധയുണ്ടാകും.
വിളവെടുത്ത നെല്ല് അരിയാക്കി പറപ്പൂർ ഐ യു ഹയർ സെക്കൻഡറി സ്കൂളിന്റെ ബ്രാൻഡിൽ തന്നെ വിപണനം ചെയ്യാനും പദ്ധതിയുണ്ട്.
നെൽകൃഷിയോടൊപ്പം പച്ചക്കറി കൃഷി, കപ്പ കൃഷി, മത്സ്യം വളർത്തൽ, വളർത്തു മൃഗങ്ങൾ, അലങ്കാരച്ചെടികൾ, പക്ഷി വളർത്തൽ തുടങ്ങിയ പദ്ധതികളും നടപ്പാക്കാൻ സ്കൂൾ കാർഷിക ക്ലബ്ബ് പ്ലാൻ തയ്യാറാക്കി വരുന്നു.
ഞാറ്റുൽസവത്തിൽ പറപ്പൂർ ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡണ്ട് മാരായ സലീമ ടീച്ചർ, കടമ്പോട്ട് മൂസ ഹാജി,വാർഡ് മെമ്പർമാരായ കബീർ മാസ്റ്റർ, ടി സുലൈമാൻ, ഡെപ്യൂട്ടി കലക്ടർ അൻവർ സാദത്ത്, മാനേജർ ടി മൊയ്തീൻകുട്ടി എന്ന കുഞ്ഞു, സെക്രട്ടറി മരക്കാരുട്ടി ഹാജി,പ്രിൻസിപ്പൽ ടി അബ്ദുൽ റഷീദ്, ഹെഡ്മാസ്റ്റർ എ മമ്മു മാസ്റ്റർ, പിടിഎ പ്രസിഡണ്ട് സി ടി സലീം, എസ് എം സി ചെയർമാൻ ഹംസ തോപ്പിൽ, ഡെപ്യൂട്ടി എച്ച് എം പി മുഹമ്മദ് അഷ്റഫ് മാസ്റ്റർ, പിടിഎ വൈസ് പ്രസിഡണ്ട് മാരായ സുൽഫിക്കർ അലി,ഷാഹുൽ ഹമീദ്, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ഹക്ക്, സ്കൂൾ കാർഷിക ക്ലബ്ബിന് നേതൃത്വം നൽകുന്ന അധ്യാപകരായ ടി പി മുഹമ്മദ് കുട്ടി, സിപി റഷീദ്, എ സലിം, അൻവർ കെ, സുനീറ ടീച്ചർ, ആയിഷ ടീച്ചർ,റാഷിദ ടീച്ചർ, വിൻഷി ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. പരിസരപ്രദേശത്തുള്ള കർഷകർ കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ കൂടെയുണ്ടായിരുന്നു.