വേങ്ങര: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാലിന്യ നിർമാർജ്ജനത്തിന്റെയും ശുചിത്വ പരിപാലനത്തിന്റെയും കാർബൺ ന്യൂട്രൽ മലപ്പുറം എന്ന ലക്ഷ്യത്തിന്റെയും പ്രധാന്യത്തെ കുറിച്ചുള്ള സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലുള്ള RGSA ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലയിലെ വിവിധ സൈക്കിൾ ക്ലബ്ബ്കളുടെ സഹകരണത്തോടെ സംഘടിപ്പിച്ച മെഗാ സൈക്കിൾ റാലിയിൽ പങ്കെടുക്കാൻ ചെമ്മാട് നിന്നും പുറപ്പെട്ട സൈക്ലിങ് ടീമിന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരത്ത് സ്വീകരണം നൽകി.
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. RGSA ബ്ലോക്ക് കോർഡിനേറ്റർ ശാഹിന തറയിൽ സ്വാഗതം പറഞ്ഞു.
സ്ഥിരം സമിതി അധ്യക്ഷ സഫിയ, മെമ്പർമാരായ എ പി അസീസ്, പി കെ അബ്ദു റഷീദ് എന്നിവർ പരിപാടിക്ക് ആശംസ നേർന്നു.
മലപ്പുറം ജില്ലാ കളക്ടർ വി. ആർ വിനോദ് അണിചേർന്ന റാലി 170 ലധികം സൈക്കിൾ റൈഡർമാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നും ആരംഭിച്ച് മലപ്പുറം എം എസ്. പി പരിസരത്ത് ഒത്തു ചേർന്ന് മെഗാ റാലിയായി മലപ്പുറം കിഴക്കേത്തലയിൽ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ കളക്ടർ വി. ആർ. വിനോദ് ഉദ്ഘാടനം ചെയ്തു.