മലപ്പുറം മച്ചിങ്ങലിലും പുളിക്കലിലും മുഖ്യമന്ത്രിക്കുനേരേ കരിങ്കൊടി

മലപ്പുറം: യൂത്ത് കോൺഗ്രസ് സംസ്ഥാനപ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് മലപ്പുറത്ത് രണ്ടിടങ്ങളിൽ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി. പുളിക്കലിലും മച്ചിങ്ങലിലുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചത്. വ്യാഴാഴ്ച വൈകീട്ട് കോഴിക്കോട്ടുനിന്ന് മലപ്പുറത്തേക്ക് പോകുംവഴിയായിരുന്നു പുളിക്കലിൽ പ്രതിഷേധം.

കൊണ്ടോട്ടി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഹഫീസ് കൊല്ലാരന്റെയും സംസ്ഥാനസെക്രട്ടറി എ.കെ. ഷാനിദിന്റെയും നേതൃത്വത്തിൽ കരിങ്കൊടിയും ചെരിപ്പുമാലയും കാണിച്ചു.

നഹാസ് ആലുങ്ങൽ, പി.പി. സമദ്, പ്രദീപ് പരിയാരൻ, പി. നസീഫ്, പി.എൻ. സുൽഫിക്കർ, എൻ.കെ. യസീദ്കോയ തങ്ങൾ, തമ്മീഷ് മുഹമ്മദ് എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.

റോഡിലേക്കിറങ്ങിയ പ്രവർത്തകരെ പോലീസ് തടഞ്ഞു. പിന്നീട് പ്രവർത്തകരെ ജീപ്പിൽക്കയറ്റി കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.

മലപ്പുറം മച്ചിങ്ങലിൽ 4.45-ന് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകുമ്പോഴാണ് കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സ്ഥലത്തുണ്ടായിരുന്ന പോലീസ് തടഞ്ഞു. റോഡിന്റെ നടുവിലേക്ക് ഇറങ്ങാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും പോലീസ് അനുവദിച്ചില്ല.

റോഡിൽ ചെറിയ ഗതാഗതക്കുരുക്കുണ്ടായെങ്കിലും മുഖ്യമന്ത്രിയുടെ വാഹനവും അകമ്പടിവാഹനങ്ങളും സുഗമമായി കടന്നുപോയി.

യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് ഹാരിസ് മുതൂർ, സംസ്ഥാനസെക്രട്ടറി നാസിൽ പൂവിൽ, ജില്ലാ ഭാരവാഹികളായ റാഷിദ് പൂക്കോട്ടൂർ, ഹകീം പെരുമുക്ക്, റമീസ് തിരൂരങ്ങാടി, ഷഫീക് കൂട്ടിലങ്ങാടി, പി. ദിനിൽ, ഫർഹാൻ മൊറയൂർ, ഫായിസ് കുറുവ തുടങ്ങിയവർ നേതൃത്വംനൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}