എ.ആർ. നഗർ: എ.ആർ. നഗർ ഗ്രാമപ്പഞ്ചായത്തിൽ മൂന്നു മാസം മുമ്പ് കീറിയ റോഡുകൾ നന്നാക്കാതെ, ഒരു മുന്നറിയിപ്പുമില്ലാതെ മറ്റൊരു റോഡ് പൂർണമായടച്ച് നടത്തുന്ന ജൽജീവൻ പദ്ധതിയുടെ പണി ജനങ്ങളെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞ സാമ്പത്തികവർഷം ടാറിട്ട് നന്നാക്കിയ റോഡുകളാണിവ.
എ.ആർ. നഗർ അങ്ങാടിയിൽനിന്ന് ചെണ്ടപ്പുറായ ഹയർസെക്കൻഡറി സ്‌കൂൾ, വില്ലേജ് ഓഫീസ്, പഞ്ചായത്തോഫീസ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. കേവലം ഒരു വാഹനത്തിനു മാത്രം പോകാവുന്ന ഗ്രാമീണറോഡുകളാണ് മൂന്നു മാസം മുമ്പ് നടുവിലൂടെ വെട്ടിപ്പൊളിച്ച് ഗതാഗതയോഗ്യമല്ലാതാക്കിയത്. താത്കാലികമായി മണ്ണിട്ടുമൂടിയ ഈ റോഡുകളിലൂടെ കഷ്ടപ്പെട്ട് ജനങ്ങൾ യാത്രചെയ്യുമ്പോഴാണ് ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന എ.ആർ. നഗർ-ചെണ്ടപ്പുറായ റോഡ് പൂർണമായി അടച്ച് പണി നടത്തുന്നത്. ഇതിൽ നാട്ടുകാർ പ്രതിഷേധിച്ചെങ്കിലും അതൊന്നും വകവെക്കാതെ പണി തുടരുകയാണ്. ആദ്യം കീറിയ റോഡുകൾ താത്കാലികമായെങ്കിലും നന്നാക്കിയിട്ടുവേണം മറ്റു റോഡുകൾ പൂർണമായും അടച്ച് പണിയെടുക്കാനെന്നാണ് ജനം ആവശ്യപ്പെടുന്നത്.